---
title: "ആത്മ സംതൃപ്‌തിയോടെ ഹജ്ജിനു സമാപനം; ഹാജിമാര്‍ മിനായില്‍ നിന്നും മടങ്ങിത്തുടങ്ങി"
english_title: "Completion of Hajj with self-satisfaction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54502/completion-of-hajj-with-self-satisfaction"
published_at: "2022-07-12T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd51cbdc7da_1.jpg"
keywords: []
---

# ആത്മ സംതൃപ്‌തിയോടെ ഹജ്ജിനു സമാപനം; ഹാജിമാര്‍ മിനായില്‍ നിന്നും മടങ്ങിത്തുടങ്ങി

> **Lead Summary:** ത്യഗോജ്ജ്വലമായ സ്‌മരണ പുതുക്കി ഈ വര്‍ഷത്തെ ഹജ്ജിനു സമാപനമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്ബതു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ സമ്മേളിച്ച ഹജ്ജില്‍ തിങ്കളാഴ്ചയോടെ ഏറെക്കുറെ ഹാജിമാരും മിനായില്‍ നിന്നും വിടപറഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണമായും കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു മിനായില്‍ നിന്നും മടങ്ങും. മിനായില്‍ നിന്നും തിങ്കളാഴ്ച മടങ്ങിയ ഹാജിമാരില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ വിദാഇന്റെ ത്വവാഫിന് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നു.

## Article Content

ത്യഗോജ്ജ്വലമായ സ്‌മരണ പുതുക്കി ഈ വര്‍ഷത്തെ ഹജ്ജിനു സമാപനമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്ബതു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ സമ്മേളിച്ച ഹജ്ജില്‍ തിങ്കളാഴ്ചയോടെ ഏറെക്കുറെ ഹാജിമാരും മിനായില്‍ നിന്നും വിടപറഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണമായും കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു മിനായില്‍ നിന്നും മടങ്ങും. മിനായില്‍ നിന്നും തിങ്കളാഴ്ച മടങ്ങിയ ഹാജിമാരില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ വിദാഇന്റെ ത്വവാഫിന് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നു.

വിദേശ ഹാജിമാരില്‍ മുന്‍പ് മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയിലേക്കും, നേരത്തെ മദീന സന്ദര്‍ശിച്ചവര്‍ സ്വദേശങ്ങളിലേക്കുമുള്ള യാത്രാ ഒരുക്കത്തിലാണ്. വിദേശ ഹാജിമാര്‍ ജിദ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ വഴിയും മദീന വിമാനത്താവള ഹജ്ജ് ടെര്‍മിനല്‍ വഴിയുമാണ് യാത്ര തിരിക്കുക. ഇന്ത്യയില്‍ നിന്നെത്തിയ അധിക ഹാജിമാരും ഇന്ന് വൈകീട്ടോടെയാണ് (ചൊവ്വാഴ്ച) മിനായില്‍ നിന്നും തിരിക്കുക. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ജൂലായ്‌ 14 മുതല്‍ ജിദ്ദ വിമാനത്താവളം വഴി മടക്ക യാത്ര ആരംഭിക്കും.

ആദ്യമാദ്യം പുണ്യ ഭൂമിയില്‍ വന്നിറങ്ങിയ ഹാജിമാരില്‍ മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയില്‍ എത്തിയവരാണ് മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ബാക്കിയുള്ളവര്‍ മദീന സന്ദര്‍ശനത്തിനായുള്ള ഒരുക്കത്തിലാണ്. മദീന വിമാത്താവളം വഴിയെത്തിയവര്‍ ജിദ്ദയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴിയെത്തിയവര്‍ മദീനയില്‍ നിന്നുമാണ് യാത്ര തിരിക്കുക. ജംറകളിലെ കല്ലേറ് കര്‍മ്മങ്ങള്‍ സമാധാന പരമായാണ് നടന്നത്. മൂന്നാം ദിനമായ ഇന്നലെ (തിങ്കള്‍) കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി ലക്ഷക്കണക്കിന് ഹാജിമാര്‍ വിടവാങ്ങല്‍ ത്വവാഫിനായി മക്കയില്‍ എത്തിയതിനെ തുടര്‍ന്ന് കനത്ത തിരക്കാണ് മക്കയില്‍ അനുഭവപ്പെട്ടത്.

ത്വവാഫ് ചെയ്യുന്നതിന് മത്വാഫിന്റെ എല്ലാ നിലകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മതാഫിന്റെ സമ്ബൂര്‍ണ ശേഷി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം, ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും സമാധാന പരമായി അവസാനിച്ചതിന്റെ സന്തോഷത്തിലാണ് സഊദി ഭരണകൂടം. കൊവിഡ് മൂലം രണ്ട് വര്‍ഷമായി വിദേശ ഹാജിമാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇത്തവണ എത്തിയ ഹാജിമാര്‍ക്ക് പൂര്‍ണ്ണ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതിന്റെയും ആരോഗ്യ, സുരക്ഷ ക്രമീക്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചതിനാല്‍ യാതൊരു അനിഷ്ട സംഭവങ്ങളും ഇല്ലാതെയും യാതൊരു പ്രയാസവും കൂടാതെയും മുഴുവന്‍ കര്‍മ്മങ്ങളും സുഗമമായി നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലയവും മക്ക അതോറിറ്റിയും.

വിവിധ വിഭാഗങ്ങള്‍ ഹജ്ജിനു ശേഷം ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താ സമ്മേളനം നടത്തിയാണ് സന്തോഷം പങ്കുവെച്ചത്. മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും മക്കയില്‍ വാര്‍ത്താ സമ്മേളനം നടത്തി ഹജ്ജ് പരിപൂര്‍ണ്ണ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി. സേവന മഹത്വവും സംസ്‌കാരവും വിളിച്ചറിയിക്കുന്ന ഹജജായിരുന്നു ഈവര്‍ഷത്തേത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54502/completion-of-hajj-with-self-satisfaction)