---
title: "കണ്ണൂർ പന്ന്യന്നൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനചട്ടങ്ങൾ പാലിക്കാത്ത കോഴിക്കട പൂട്ടിച്ചു"
english_title: "The chicken shop that did not comply with the inspection rules was closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54681/the-chicken-shop-that-did-not-comply-with-the-inspection-rules-was-closed"
published_at: "2022-07-13T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce7dbed278f_Picsart_22-07-13_13-38-59-673.jpg"
keywords: []
---

# കണ്ണൂർ പന്ന്യന്നൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനചട്ടങ്ങൾ പാലിക്കാത്ത കോഴിക്കട പൂട്ടിച്ചു

> **Lead Summary:**  കണ്ണൂർ: പന്ന്യന്നൂർ ചമ്പാട്ട് വൃത്തിഹീനമായും അനധികൃതമായും പ്രവർത്തിച്ചിരുന്ന ‘തൃപ്തി’കോഴിക്കട ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഈ കോഴിക്കട പ്രവർത്തിച്ചിരുന്നത്.

## Article Content

 കണ്ണൂർ: പന്ന്യന്നൂർ ചമ്പാട്ട് വൃത്തിഹീനമായും അനധികൃതമായും പ്രവർത്തിച്ചിരുന്ന ‘തൃപ്തി’കോഴിക്കട ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഈ കോഴിക്കട പ്രവർത്തിച്ചിരുന്നത്.

കാക്കകളും പൂച്ചകളും കടയുടെ അകത്തുണ്ടായിരുന്നു. അറവുമാലിന്യങ്ങൾ വാരിവലിച്ചിട്ടനിലയിലും. അവ പിന്നീട് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് ജാറിലേക്ക് മാറ്റി. കോഴികളെ ജീവനോടെ തൂക്കിവിൽക്കാൻ മാത്രമാണ് പഞ്ചായത്ത് ഈ കടക്ക് അനുമതി നൽകിയിരുന്നത്.

എന്നാൽ, പ്രതിദിനം അഞ്ഞൂറിലധികം കോഴികളെ അവിടെ അറുത്ത് വിൽക്കുന്നുണ്ട്. കോഴിയറവ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നും കണ്ടെത്തി. കോഴി ഫാമും കടയും നടത്തുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും നേടിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ 7000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ കോഴിഫാം കെട്ടിടങ്ങൾക്ക് എങ്ങിനെ പഞ്ചായത്ത് അനുമതി കൊടുത്തുവെന്ന കാര്യവും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുവരെ കട അടച്ചിടും. പിഴയും ചുമത്തും. മലിനീകരണ നിയന്ത്രണ ബോർഡ് കാരണംകാണിക്കൽ നോട്ടീസ് നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54681/the-chicken-shop-that-did-not-comply-with-the-inspection-rules-was-closed)