---
title: "കൂത്തുപറമ്പിൽ മണിചെയിൻ മാതൃകയിൽ 100 കോടിയുടെ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ"
english_title: "Moneychain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55514/moneychain"
published_at: "2022-07-17T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3c9efa34b6_PicsArt_07-17-02.04.56.jpg"
keywords: []
---

# കൂത്തുപറമ്പിൽ മണിചെയിൻ മാതൃകയിൽ 100 കോടിയുടെ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കൂത്തുപറമ്പ്: **മണിചെയിൻ മാതൃകയിൽ സംസ്ഥാനത്ത് പലയിടങ്ങളിൽനിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ യാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്.

## Article Content

**കൂത്തുപറമ്പ്: **മണിചെയിൻ മാതൃകയിൽ സംസ്ഥാനത്ത് പലയിടങ്ങളിൽനിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ യാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്.

സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിൽ ആളുകളെ ചേർത്ത് നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരിൽ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു.

എന്നാൽ പോലീസ് അന്വേഷണത്തിൽ അങ്ങനെ ഒരു കമ്പനിയില്ലെന്ന് വ്യക്തമായി. പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന പേരിൽ ബാങ്കോക്കിലും തായ്‌ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും നിക്ഷേപം സ്വീകരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരങ്ങളാണ് ഇതിൽ കണ്ണികളായത്. ഒരുലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഓരോവർഷവും വലിയ തുക തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. ഇതിനായി വിവിധ ജില്ലകളിൽ ഏജന്റുമാരും ഉണ്ടായിരുന്നു. പദ്ധതിയിൽ ചേരുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനും യൂസർ ഐ.ഡി.യും പാസ്‌വേർഡും നൽകും. ആദ്യം ചെറിയ തുക ലാഭവിഹിതമായി നൽകി വിശ്വാസ്യത പിടിച്ചുപറ്റി. എന്നാൽ പിന്നീട് ആർക്കും പണം ലഭിക്കാതായി.

ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. കൂത്തുപറമ്പ് മേഖലയിലും ഒട്ടേറെപ്പേരാണ് തട്ടിപ്പിൽ കുടുങ്ങിയത്. ഇവർ കൂത്തുപറമ്പ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് അസി. പോലീസ് കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയിൽ പ്രത്യേക സ്ക്വാഡിനെ നിയമിച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയും കമ്പനിയുടെ സി.ഇ.ഒ.യുമായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കവെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് എറണാകുളം തുടങ്ങിയ ജില്ലകളിലും സമാനമായ കേസുണ്ട്. മട്ടന്നൂർ കയനി സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാംപ്രതി.

കൂടാതെ കമ്പനിയുടെ 12-ഓളം ഡയറക്ടർമാരും പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുഹമ്മദ് ഫൈസലിനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55514/moneychain)