---
title: "മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് തുടങ്ങും "
english_title: "Madhucase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55603/madhucase"
published_at: "2022-07-18T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4a8c10bfdb_n4051607201658103818076618f3072eaba1f7c2684a7f89328a2e5dec756196296fd2526e82a7823993e6c.jpg"
keywords: []
---

# മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് തുടങ്ങും 

> **Lead Summary:** **പാലക്കാട്: **അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും.

## Article Content

**പാലക്കാട്: **അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും.

നേരത്തെ മധു കേസിലെ സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ ജഡ്ജി ചെര്‍മാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. ഇതിന് മുന്‍പ് കേരളത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കേസിലാണ് സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുള്ളത്. കൂറുമാറാതിരിക്കാനാണ് സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നത്.

കൂടാതെ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നല്‍കും. അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സി.രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച്‌ മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ വിചാരണ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയത്.

പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും ഈ സാഹചര്യത്തില്‍ അഡീഷണല്‍ പ്രോസിക്യൂട്ടറെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മയുയെും സഹോദരിയുടെയും ആവശ്യം.

ഇതിന് പിന്നാലെയാണ് സി രാജേന്ദ്രന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചത്.തുടര്‍ന്നാണ് സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55603/madhucase)