---
title: "കനത്ത മഴ ;സംസ്ഥാനത്ത് കോളേജുകൾ 18ന് തുറക്കില്ല"
english_title: "College opening postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5563/college-opening-postponed"
published_at: "2021-10-16T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616acfd60734a_images - 2021-10-16T184320.802.jpeg"
keywords: []
---

# കനത്ത മഴ ;സംസ്ഥാനത്ത് കോളേജുകൾ 18ന് തുറക്കില്ല

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു.

 പ്രളയ സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. 19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വേണം ക്യാമ്ബുകള്‍ ആരംഭിക്കേണ്ടത്. ക്യാമ്ബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം. മാസ്ക്, സാനിറ്റൈസര്‍ എന്നിവ ക്യാമ്ബുകളില്‍ ഉറപ്പുവരുത്തണം. ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കണം. ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധ ക്യാമ്ബുകളില്‍ ഉണ്ടാകണം. ക്യാമ്ബുകളില്‍ ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടാകണം. വാക്സീന്‍ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാട്ടണം.

തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കണം. ദേശീയ ദുരന്ത പ്രതികരണ സേന നിലവില്‍ നല്ല സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ആവശ്യമുള്ളവര്‍ അവരെ ബന്ധപ്പെടണം. കര-വ്യോമ-നാവിക സേനാവിഭാഗങ്ങളെ ബന്ധപ്പെട്ട് സഹായം തേടണം. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ ഒരുക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വെക്കണം. ആവശ്യം വരുമ്ബോള്‍ പെട്ടെന്ന് ഇവ ഉപയോഗിക്കാനാകണം. എസ്ഡിആര്‍എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികള്‍ ജില്ലകള്‍ കൈക്കൊള്ളണം എന്നും മുഖ്യമന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5563/college-opening-postponed)