---
title: "കൊച്ചിയിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവി; അന്വേഷണം തുടങ്ങി"
english_title: "Sparrow in the cockpit of the plane that flew to Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55886/sparrow-in-the-cockpit-of-the-plane-that-flew-to-kochi"
published_at: "2022-07-19T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d654c6b532b_Screenshot_2022-07-19-12-11-36-20_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൊച്ചിയിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവി; അന്വേഷണം തുടങ്ങി

> **Lead Summary:** നെടുബ്ബാശ്ശേരി : ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയെ കണ്ടെത്തിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. 37,000 അടി ഉയരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറക്കുന്നതിനിടെയാണ് കോക്പിറ്റിൽ കുരുവിയെ കണ്ടത്.

## Article Content

നെടുബ്ബാശ്ശേരി : ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയെ കണ്ടെത്തിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. 37,000 അടി ഉയരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറക്കുന്നതിനിടെയാണ് കോക്പിറ്റിൽ കുരുവിയെ കണ്ടത്.

കൊച്ചിയില്‍നിന്ന് വിമാനം ബഹ്റൈനിലെത്തിയ ശേഷം മടക്കയാത്രയ്ക്കു മുന്‍പായി പരിശോധന നടത്തിയപ്പോള്‍ കോക്പിറ്റില്‍ പക്ഷിയെ കണ്ടിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തനിയെ പറന്നു പോകുന്നതിനായി ഫ്‌ളൈറ്റ് ഡെക്കിന്റെ ജനലുകള്‍ തുറന്നിട്ടു.

10 മിനിറ്റിന് ശേഷം പരിശോധിച്ചെങ്കിലും പക്ഷിയെ കണ്ടെത്താനായില്ല. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിനിടെയാണ് ഗ്ലാസ് കമ്പാർട്ട്മെന്‍റിന് സമീപം പൈലറ്റുമാർ പക്ഷിയെ വീണ്ടും കണ്ടത്. വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്ത ശേഷം പക്ഷിയെ പിടികൂടി പറത്തിവിട്ടു. സുരക്ഷാവീഴ്ച കണക്കിലെടുത്ത് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിസിഎ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനം പരിശോധിച്ച ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55886/sparrow-in-the-cockpit-of-the-plane-that-flew-to-kochi)