---
title: "കൂത്തുപറമ്പ് ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന ഏതാനും കെട്ടിടങ്ങൾ കൊതുക് വളർത്തു കേന്ദ്രങ്ങളായി മാറി"
english_title: "Buildings have become breeding grounds for mosquitoes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55905/buildings-have-become-breeding-grounds-for-mosquitoes"
published_at: "2022-07-19T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d663d99fcf5_Picsart_22-07-19_13-26-50-809.jpg"
keywords: []
---

# കൂത്തുപറമ്പ് ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന ഏതാനും കെട്ടിടങ്ങൾ കൊതുക് വളർത്തു കേന്ദ്രങ്ങളായി മാറി

> **Lead Summary:** കൂത്തുപറമ്പ: ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന ഏതാനും കെട്ടിടങ്ങൾ കൊതുക് വളർത്തു കേന്ദ്രങ്ങളായി മാറി. കണ്ണൂർ റോഡിലെ 4 കെട്ടിടങ്ങളുടെ പാർക്കിങ് ഏറിയയിലാണ് നിറയെ വെള്ളം കെട്ടി നിൽക്കുന്നത്. 

## Article Content

കൂത്തുപറമ്പ: ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന ഏതാനും കെട്ടിടങ്ങൾ കൊതുക് വളർത്തു കേന്ദ്രങ്ങളായി മാറി. കണ്ണൂർ റോഡിലെ 4 കെട്ടിടങ്ങളുടെ പാർക്കിങ് ഏറിയയിലാണ് നിറയെ വെള്ളം കെട്ടി നിൽക്കുന്നത്. 

മഴക്കാലം ആരംഭിച്ചതോടെയാണ് കൂത്തുപറമ്പ് ടൗണിലെ നിർമ്മാണത്തിലിരിക്കുന്ന നാല് കെട്ടിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത്. കണ്ണൂർ റോഡിലുള്ള കെട്ടിടങ്ങളുടെ പാർക്കിങ് ഏറിയയിലാണ് വൻതോതിൽ വെള്ളം കെട്ടി നിൽക്കുന്നത്.

കണ്ണാശുപത്രിക്ക് സമീപം താലൂക്ക് ആശുപത്രി റോഡിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടം, സമീപത്തായി മെയിൽ റോഡിലുള്ള കെട്ടിടം, നിർദ്ദിഷ്ട ബസ്സ് സ്റ്റാന്റ് പ്രവേശന കവാടത്തിന് സമീപത്തുളള കെട്ടിടം, ബേബി തിയ്യറ്ററിന് പിറകിലായിട്ടുള്ള കെട്ടിടം എന്നിവയുടെ പാർക്കിങ് ഏറിയയിലാണ് വൻ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്.

ഇതേതുടർന്ന് കൊതുക് വളർത്തു കേന്ദ്രങ്ങളായി മാറിയിരിക്കയാണ് കെട്ടിടങ്ങളുടെ അടിത്തട്ടുകൾ. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യത്തിൽ സമീപത്തിപ്പോൾ കൊതുക് ശല്യവും രൂക്ഷമായിരിക്കയാണ്. മഴക്കാലമായാൽ സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമാണിത്. സമീപത്തുകൂടി തോടും കടന്നുപോകുന്നുണ്ട്.

ഭൂമിയുടെ സാഹചര്യം മനസ്സിലാക്കാതെ ഗ്രണ്ടു ഫ്ളോർ നിർമ്മിച്ചതാണ് വൻതോതിൽ വെള്ളം കെട്ടി നിൽക്കാൻ ഇടയാകുന്നതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് നഗരസഭാ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55905/buildings-have-become-breeding-grounds-for-mosquitoes)