---
title: "    നഗരസഭയുടെ മുന്നില്‍ പ്രൈവറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത്"
english_title: "Taxi drivers are protesting against parking of private vehicles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55949/taxi-drivers-are-protesting-against-parking-of-private-vehicles"
published_at: "2022-07-19T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d68e6d9ee9c_Picsart_22-07-19_16-28-29-555.jpg"
keywords: []
---

#     നഗരസഭയുടെ മുന്നില്‍ പ്രൈവറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത്

> **Lead Summary:** ശ്രീകണ്ഠാപുരം: നഗരസഭയുടെ മുന്നില്‍ പ്രൈവറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത്. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പാര്‍ക്കിംഗ് സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ തോന്നുംപോലെ നിര്‍ത്തിയിട്ട് പോകുന്നതാണ് പ്രതിഷേധം ഉയരാന്‍ സാഹചര്യം ഒരുക്കിയത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു വരുന്ന സ്ഥലത്താണ് പ്രൈവറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.

## Article Content

ശ്രീകണ്ഠാപുരം: നഗരസഭയുടെ മുന്നില്‍ പ്രൈവറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത്. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പാര്‍ക്കിംഗ് സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ തോന്നുംപോലെ നിര്‍ത്തിയിട്ട് പോകുന്നതാണ് പ്രതിഷേധം ഉയരാന്‍ സാഹചര്യം ഒരുക്കിയത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു വരുന്ന സ്ഥലത്താണ് പ്രൈവറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയും മോട്ടോര്‍, പോലീസ് അധികൃതരും സംയുക്തമായി നടത്തിയ ചര്‍ച്ചയില്‍ നഗരത്തിലെ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ നഗരസഭയുടെ മുന്നില്‍ മാത്രം പ്രൈവറ്റ് വാഹനങ്ങള്‍ തോന്നും പോലെ ഇപ്പോഴും നിര്‍ത്തിയിടുന്നത് ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നുമില്ല. നഗരസഭയുടെ ഗേറ്റിനു സമീപം നഗരസഭയുടെ അധീനതയിലുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ളത്.

ഇവിടേയും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പോവുകയാണ്. രാവിലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പോകുന്നവര്‍ ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ മാത്രമാണ് വാഹനം തിരികെ എടുക്കുന്നത്. സ്വകാര്യ പാര്‍ക്കിംങ്ങിന് നിശ്ചയിച്ചിട്ടുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താറുമില്ല. അനധികൃത പാര്‍ക്കിങ്ങിനെതിരെ പ്രതിഷേധ പരിപാടിക്കൊരുങ്ങുകയാണ് ടാക്‌സി ഡ്രൈവര്‍മാര്‍.

അതേസമയം, വിവിധ ആവശ്യങ്ങള്‍ക്ക് നഗരസഭയിലേക്ക് എത്തുന്ന ആളുകള്‍ക്ക് വാഹനം നഗരസഭയുടെ മുന്നിലല്ലാതെ എവിടെ പാര്‍ക്ക് ചെയ്യും എന്നുള്ള ചോദ്യത്തിനും ഉത്തരം ഉണ്ടാകേണ്ടതുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55949/taxi-drivers-are-protesting-against-parking-of-private-vehicles)