---
title: "മട്ടന്നൂർ പഴശ്ശിരാജാ എൻ.എസ്.എസ്. കോളേജിൽ എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘർഷം; ആറുപേർക്ക് പരിക്ക്"
english_title: "Mattannur Pazassiraja N.S.S. SFI-ABVP in college conflict"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56573/mattannur-pazassiraja-nss-sfi-abvp-in-college-conflict"
published_at: "2022-07-22T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da6ba5ca398_Picsart_22-07-22_14-48-32-044.jpg"
keywords: []
---

# മട്ടന്നൂർ പഴശ്ശിരാജാ എൻ.എസ്.എസ്. കോളേജിൽ എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘർഷം; ആറുപേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ പഴശ്ശിരാജാ എൻ.എസ്.എസ്. കോളേജിൽ എസ്.എഫ്.ഐ.-എ.ബി.വി.പി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റു. കോളേജിന് പുറത്തായിരുന്നു സംഭവം. കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

## Article Content

കണ്ണൂർ: മട്ടന്നൂർ പഴശ്ശിരാജാ എൻ.എസ്.എസ്. കോളേജിൽ എസ്.എഫ്.ഐ.-എ.ബി.വി.പി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റു. കോളേജിന് പുറത്തായിരുന്നു സംഭവം. കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കോളേജ് കവാടത്തിന് പുറത്ത് എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പുറത്തുനിന്നെത്തിയ ഒരു സംഘം തകർക്കുകയായിരുന്നു. തുടർന്ന് എസ്.എഫ്.ഐ.യുടെ കൊടിമരവും തകർത്തു. മൂന്നാം വർഷ വിദ്യാർഥികളായ നടുവനാട് സ്വദേശി രാംചന്ദ്, ഇരിട്ടിയിലെ വൈഷ്ണവ്, ചാവശ്ശേരിപ്പറമ്പിലെ യദുലാൽ, ശ്യാംരാജ് എന്നിവർ മട്ടന്നൂർ ഗവ. ആസ്പത്രിയിൽ ചികിത്സ തേടി.

പേരാവൂർ സ്വദേശി അരുൺ, പട്ടാരി സ്വദേശി വൈശാഖ് എന്നിവർ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിലും ചികിത്സ തേടി. കഴിഞ്ഞ ദിവസം കെ.എസ്.യു.വിന്റെ കൊടിയും നശിപ്പിച്ചിരുന്നു. എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചേർന്ന് കെ.എസ്.യു. പ്രവർത്തകരെ മർദിച്ചതായി കെ.എസ്.യു. ആരോപിച്ചു. മട്ടന്നൂർ എസ്.ഐ. എം.ജെ. ബെന്നിയുടെ നേതൃത്വത്തിൽ പോലീസെത്തിയാണ് വിദ്യാർഥികളെ സ്ഥലത്തുനിന്ന് നീക്കിയത്. സംഘർഷം തടയാൻ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56573/mattannur-pazassiraja-nss-sfi-abvp-in-college-conflict)