---
title: "പുരസ്കാരനിറവിൽ ജന്മദിനമാഘോഷിച്ച് സൂര്യ; കുടുംബത്തിനു സമർപ്പിക്കുന്നുവെന്ന് താരം ‍ "
english_title: "Actor surya national award winner "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56797/actor-surya-national-award-winner"
published_at: "2022-07-23T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbca9dcaf90_1658571098534.jpg"
keywords: []
---

# പുരസ്കാരനിറവിൽ ജന്മദിനമാഘോഷിച്ച് സൂര്യ; കുടുംബത്തിനു സമർപ്പിക്കുന്നുവെന്ന് താരം ‍ 

> **Lead Summary:** ജൻമദിന സമ്മാനമെന്ന പോലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് നടൻ സൂര്യ. സുധ കൊങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് പുരസ്കാരം ലഭിച്ചത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു നീണ്ട പോസ്റ്റിലൂടെയാണ് താരം തന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സൂര്യ കുറിച്ചു.

## Article Content

ജൻമദിന സമ്മാനമെന്ന പോലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് നടൻ സൂര്യ. സുധ കൊങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് പുരസ്കാരം ലഭിച്ചത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു നീണ്ട പോസ്റ്റിലൂടെയാണ് താരം തന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സൂര്യ കുറിച്ചു.

മഹാമാരിയുടെ സമയത്ത് ഒടിടി റിലീസിലൂടെ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങളെല്ലാവരും വളരെയധികം സന്തോഷിച്ചു. ആ സന്തോഷം ദേശീയ അവാർഡിലൂടെ ഇരട്ടിയായി. ക്യാപ്റ്റൻ ഗോപിനാഥന്‍റെ കഥയെ ആസ്പദമാക്കി സിനിമ നിർമിക്കാൻ സുധാ കൊങ്കര നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ അവർഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച അപർണ ബാലമുരളിയെയും സംഗീത സംവിധായകൻ ജി.വി.പ്രകാശിനെയും സുധാ കൊങ്ങരയ്ക്കൊപ്പം തിരക്കഥാരചനയിൽ ഏർപ്പെട്ട ശാലിനി ഉഷ നായരെയും താരം അഭിനന്ദിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയ സംവിധായകൻ വസന്ത് സായിക്കും മണിരത്നത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട അജയ് ദേവ്ഗണ്, തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് അവാർഡ് ജേതാക്കളായ എഡിറ്റർ ശ്രീകർ പ്രസാദ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, തിരക്കഥാകൃത്തും സംവിധായകനുമായ മഡോൺ അശ്വിൻ എന്നിവരെയും സൂര്യ അഭിനന്ദിച്ചു. ഈ സിനിമ നിർമിക്കുന്നതിനും അഭിനയിക്കുന്നതിനും തന്നെ നിർബന്ധിച്ച ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറയുന്നതായി സൂര്യ പറഞ്ഞു. തന്നെ എപ്പോഴും പിന്തുണച്ച അച്ഛൻ, അമ്മ, കാർത്തി, ബൃന്ദ എന്നിവരോട് സ്നേഹം അറിയിക്കുന്നു. ഈ പുരസ്കാരം മക്കളായ ദിയക്കും ദേവിനും കുടുംബത്തിനും സമർപ്പിക്കുന്നുവെന്നും അദ്ദേഹം എഴുതി. തന്റെ ആരാധകർക്കും ഇന്ത്യാ ഗവൺമെന്റിനും നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56797/actor-surya-national-award-winner)