---
title: "WI vs IND : 'ദ്രാവിഡ് പറഞ്ഞു, നിന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു'; വിജയമന്ത്രം തുറന്നുപറഞ്ഞ് ചാഹല്‍"
english_title: "India vs West Indies odi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56816/india-vs-west-indies-odi"
published_at: "2022-07-23T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbd81103aa8_IMG_20220723_164412.jpg"
keywords: []
---

# WI vs IND : 'ദ്രാവിഡ് പറഞ്ഞു, നിന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു'; വിജയമന്ത്രം തുറന്നുപറഞ്ഞ് ചാഹല്‍

> **Lead Summary:** പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിലെ അവസാന ഓവര്‍ ജയത്തില്‍ ഇന്ത്യക്ക് നിര്‍ണായകമായ താരങ്ങളിലൊരാള്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ്.

## Article Content

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിലെ അവസാന ഓവര്‍ ജയത്തില്‍ ഇന്ത്യക്ക് നിര്‍ണായകമായ താരങ്ങളിലൊരാള്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ്.

കൂറ്റനടിക്കാരനായ ബ്രണ്ടന്‍ കിംഗിനെ 45-ാം ഓവറില്‍ ചാഹല്‍ മടക്കിയത് മത്സരത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു. മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ് 58 റണ്ണിന് രണ്ട് വിക്കറ്റ് നേടിയ ചാഹല്‍ തന്‍റെ വിജയത്തിന്‍റെ ക്രഡിറ്റെല്ലാം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനാണ്നല്‍കുന്നത്. 'പരിശീലകന്‍ എപ്പോഴും എന്നെ പിന്തുണയ്‌ക്കുന്നുണ്ട്. യുസി, നീ നിന്‍റെ കഴിവിലേക്ക് തിരിച്ചെത്തിയാല്‍ മാത്രം മതി, ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നു. പരിശീലകരും മാനേജ്‌മെന്‍റും ഏറെ ആത്മവിശ്വാസം നല്‍കുമ്പോള്‍ നമ്മള്‍ മികച്ച പ്രകടനത്തിന് തയ്യാറാകും.

ഞാനെപ്പോഴും എന്‍റെ കഴിവില്‍ വിശ്വസിക്കുന്നു. പന്ത് പഴകുന്നതിന് അനുസരിച്ച് തിരിയുമെന്നും ബാറ്റര്‍മാരെ കീഴ്‌പ്പെടുത്തുമെന്ന് എനിക്കറിയാം. അതിനാല്‍ ഞാനെന്‍റെ ലൈന്‍ മാറ്റിക്കൊണ്ടിരുന്നു. ലെഗ് സൈഡ് ബൗണ്ടറി അല്‍പം ചെറുതായതിനാല്‍ ഓഫ് സൈഡിലാണ് എറിഞ്ഞത്. എന്നെ കവറിന് മുകളിലൂടെ അടിച്ചകറ്റിയാല്‍ അതാകും ഉചിതം എന്ന് കരുതി. 16, 17, 18 ഓവറുകളൊക്കെ ഐപിഎല്ലില്‍ എറിയുന്നതില്‍ നിന്നാണ് ആത്മവിശ്വാസം ലഭിച്ചത്. 40-ാം ഓവറിന് ശേഷം രണ്ടോ മൂന്നോ ഓവറുകള്‍ എറിയാമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ബൗളിംഗ് പരിശീലകനൊപ്പം പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായും' ചാഹല്‍ പറഞ്ഞു. അവസാന ഓവറുകളിലെ ചാഹല്‍-സിറാജ് മികവും സഞ്ജു സാംസണിന്‍റെ മിന്നും സേവുമാണ് ഇന്ത്യക്ക് ത്രില്ലിംഗ് ജയമൊരുക്കിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56816/india-vs-west-indies-odi)