---
title: "ആദ്യ മത്സരം തോറ്റതിന് പിന്നാലെ വെസ്റ്റിൻഡീസിന് വൻ തിരിച്ചടി "
english_title: "India vs West Indies odi first"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56819/india-vs-west-indies-odi-first"
published_at: "2022-07-23T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbd957b4822_IMG_20220723_164942.jpg"
keywords: []
---

# ആദ്യ മത്സരം തോറ്റതിന് പിന്നാലെ വെസ്റ്റിൻഡീസിന് വൻ തിരിച്ചടി 

> **Lead Summary:** പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം തോറ്റതിന് പിന്നാലെ വിന്‍ഡീസിന് വന്‍ തിരിച്ചടി. കൊവിഡ് ബാധിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിന് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളും നഷ്‌ടമായേക്കും എന്നാണ് റിപ്പോര്‍ട്ട്.

## Article Content

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം തോറ്റതിന് പിന്നാലെ വിന്‍ഡീസിന് വന്‍ തിരിച്ചടി. കൊവിഡ് ബാധിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിന് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളും നഷ്‌ടമായേക്കും എന്നാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റുകളിലും ഏകദിനങ്ങളിലും ടി20കളിലും വിശ്രമത്തിലായിരുന്ന ഹോള്‍ഡറിന്‍റെ തിരിച്ചുവരവ് ഇതോടെ വൈകിയേക്കും. പന്തും ബോളും കൊണ്ട് മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ഓള്‍റൗണ്ടറാണ് മുന്‍ നായകന്‍ കൂടിയായ ജേസന്‍ ഹോള്‍ഡര്‍. ഇതിനൊപ്പം ഫീല്‍ഡിംഗിലും ഹോള്‍ഡര്‍ ടീമിന്‍റെ വിശ്വസ്‌തനാണ്. മുപ്പതുകാരനായ ജേസന്‍ ഹോള്‍ഡര്‍ വിന്‍ഡീസ് കുപ്പായത്തില്‍ 127 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്.

11 അര്‍ധ സെഞ്ചുറികളോടെ 2019 റണ്‍സും 146 വിക്കറ്റുമാണ് സമ്പാദ്യം. 27 റണ്ണിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഇതിന് പുറമെ 56 ടെസ്റ്റുകളും 37 രാജ്യാന്തര ടി20കളും കളിച്ചിട്ടുണ്ട്. ഹോള്‍ഡര്‍ കൊവിഡ് ബാധിതനാണെന്നും മൈതാനത്തിറങ്ങില്ലെന്നും ആദ്യ ഏകദിനത്തിലെ ടോസ് വേളയില്‍ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയ അതേ ടീമിനെ വിന്‍ഡീസ് അണിനിരത്തുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56819/india-vs-west-indies-odi-first)