---
title: "കൊവിഡ് കാലത്ത് ഏറ്റവും മികച്ചത് കേരളമെന്ന് ലോകം അനുഭവിച്ചറിഞ്ഞു: മുഖ്യമന്ത്രി "
english_title: "Chief minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56841/chief-minister"
published_at: "2022-07-23T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbf04acd094_images_(5).jpeg"
keywords: []
---

# കൊവിഡ് കാലത്ത് ഏറ്റവും മികച്ചത് കേരളമെന്ന് ലോകം അനുഭവിച്ചറിഞ്ഞു: മുഖ്യമന്ത്രി 

> **Lead Summary:** **തിരുവനന്തപുരം: **ആരോഗ്യരംഗത്ത് കേരളമാണ് ഏറ്റവും മികച്ചത് എന്ന അനുഭവമാണ് കൊവിഡ് കാലത്ത് ലോകത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെൻറിലേറ്റർ സൗകര്യമില്ലാത്ത സ്ഥിതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയെ മാറ്റി വേറെ ആളെ കിടത്തുന്ന സാഹചര്യം മറ്റിടങ്ങളിൽ ഉണ്ടായി.

## Article Content

**തിരുവനന്തപുരം: **ആരോഗ്യരംഗത്ത് കേരളമാണ് ഏറ്റവും മികച്ചത് എന്ന അനുഭവമാണ് കൊവിഡ് കാലത്ത് ലോകത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെൻറിലേറ്റർ സൗകര്യമില്ലാത്ത സ്ഥിതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയെ മാറ്റി വേറെ ആളെ കിടത്തുന്ന സാഹചര്യം മറ്റിടങ്ങളിൽ ഉണ്ടായി.

പ്രായമായവരെ ചികിത്സിക്കേണ്ടെന്ന നിലപാട് വരെ ചിലർ എടുത്തു. ഈ ഘട്ടത്തിൽ കേരളത്തിലേക്ക് വരാൻ ലോകമാകെയുള്ള മലയാളികൾ എല്ലാവരും ധൃതി കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർദ്രം മിഷനിലൂടെ നമ്മൾ ആർജിച്ചതാണ് ആരോഗ്യരംഗത്തെ മികവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാൻ മാത്രമാണ് ചിലർക്ക് താത്പര്യം. നെഗറ്റീവ് മാത്രം പർവ്വതീകരിക്കാൻ ചിലർ പടച്ചുവിടുന്നു. തെറ്റായ കാര്യം പ്രചരിപ്പിച്ചാൽ ജനങ്ങൾ വിശ്വസിക്കും എന്നാണ് കരുതുന്നത്. എന്നാൽ ജനങ്ങൾ വസ്തുത തിരിച്ചറിഞ്ഞു. തെറ്റായ പ്രചരണത്തെ തുറന്നുകാട്ടാൻ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ഇടപെടൽ ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ നഗരൂരിൽ കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കേരളം നേരിട്ട ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജനങ്ങൾക്കൊപ്പം പോലീസ് നിന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം ഇപ്പോൾ പൂർണമായും മാറി. മുൻപ് കേരളാ പൊലീസിന് ജനവിരുദ്ധ മുഖമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ജനങ്ങളോട് ഇടപെടുന്നതിൽ എല്ലാം നല്ല മാറ്റങ്ങളുണ്ടായി.

ജനങ്ങളോട് പൊലീസ് ഇപ്പോൾ വലിയ തോതിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രതിസന്ധിയിലും ആപത്തിൽ പെടുന്നവരെ സംരക്ഷിക്കാൻ പോലീസ് ഇടപെട്ടു. പ്രളയകാലത്ത് ഇതിന്റെ ഒരുപാട് അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. ആളെ എടുത്തു കൊണ്ടുപോകുമ്പോൾ പൊലീസുകാരന്റെ മൊബൈൽ റിങ്ങ് ചെയ്ത സംഭവം ഉണ്ടായി. വീട് വെള്ളത്തിൽ മുങ്ങുന്നു എന്നായിരുന്നു വിളിച്ചയാൾ നൽകിയ ഫോൺ സന്ദേശം. എന്നാൽ താൻ ഏറ്റെടുത്ത കർത്തവ്യം പൊലീസുകാരൻ പൂർത്തീകരിച്ചു. കൊവിഡ് കാലത്ത് എല്ലാവരും വീട്ടിൽ അടച്ചിരുന്നപ്പോൾ പോലീസ് വെയിലത്തായിരുന്നു. പോലീസിൻറെ ആത്മവിശ്വാസം കൂടി. നല്ല കാര്യങ്ങളുടെ മാതൃകകളായി പോലീസ് മാറി. വലിയ സേനയിലെ ഓരോരുത്തരും ഈ നല്ല രീതിയിലേക്ക് മാറണം. പഴയ കാലത്തെ രീതികൾ നഷ്ടപ്പെട്ട് പോകുന്നതിനോട് യോജിപ്പ് തോന്നാത്ത ചിലർ ഉണ്ട്. അത്തരം ആളുകൾ പഴയ ശീലം വെച്ച് മുന്നോട്ട് പോകുന്നുമുണ്ട്.

എല്ലാ നന്മയെയും സർക്കാർ പ്രോത്സാഹിപ്പിക്കും. വ്യത്യസ്ഥമായി സേനയ്ക്ക് അപമാനം വരുത്തി വെക്കുന്നവർക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56841/chief-minister)