---
title: "പന്നികളെ കൊല്ലാൻ സാവകാശം വേണമെന്ന് അവലോകന യോഗം"
english_title: "Review meeting that there should be a delay in killing pigs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56921/review-meeting-that-there-should-be-a-delay-in-killing-pigs"
published_at: "2022-07-24T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcc19f75f9e_Screenshot_20220724-091749.png"
keywords: []
---

# പന്നികളെ കൊല്ലാൻ സാവകാശം വേണമെന്ന് അവലോകന യോഗം

> **Lead Summary:**  **തലപ്പുഴ: **തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒ.ആർ. കേളു എം.എൽ.എ. യുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ഫാമിലെ 360 പന്നികളെ കൊന്നൊടുക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്.

## Article Content

 **തലപ്പുഴ: **തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒ.ആർ. കേളു എം.എൽ.എ. യുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ഫാമിലെ 360 പന്നികളെ കൊന്നൊടുക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്.

പന്നികളെ കൊല്ലുന്നതിന് പത്ത് ദിവസം സാവകാശം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനു ശേഷവും പന്നികൾ ചാവുകയോ രോഗലക്ഷണമോ ഉണ്ടായിട്ടില്ലെങ്കിൽ സാംപിൾ വീണ്ടും പരിശോധനക്കയക്കണം.

അഥവാ പന്നികളെ കൊന്നൊടുക്കേണ്ടി വന്നാൽ നിലവിൽ പന്നികളെ വിറ്റാൽ കിട്ടുന്ന തുക തന്നെ നഷ്ടപരിഹാരമായി നൽകണം. പകുതി തുക അടിയന്തിര നഷ്ടപരിഹാരമായി ഒരാഴ്ചയ്ക്കുള്ളിലും ബാക്കി തുക കാലതാമസം വരാതെയും നൽകണം.

അവലോകനയോഗത്തിൽ ഉരുത്തിരിഞ്ഞ ആവശ്യം മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്ന് ഒ.ആർ. കേളു എം.എൽ.എ. പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം.ജി. ബിജു, റോസമ്മ ബേബി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എം. ബെന്നി, സി.പി.എം. വാളാട് ലോക്കൽ സെക്രട്ടറി എൻ.എം. ആന്റണി, കോൺഗ്രസ് തലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്കൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56921/review-meeting-that-there-should-be-a-delay-in-killing-pigs)