---
title: "ചരിത്രദിനം: രാഷ്ട്രപതി‌യായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും"
english_title: "Draupadi Murmu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57058/draupadi-murmu"
published_at: "2022-07-25T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dddb1c54a4a_Screenshot_20220725-051909.png"
keywords: []
---

# ചരിത്രദിനം: രാഷ്ട്രപതി‌യായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

> **Lead Summary:** **ദില്ലി: **ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കും. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആഘോഷങ്ങൾ തുടരുകയാണ്. നാളെ രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.

## Article Content

**ദില്ലി: **ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കും. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആഘോഷങ്ങൾ തുടരുകയാണ്. നാളെ രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. ദില്ലിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്.

ദ്രൗപദി മുർമുവിനെ അഭിനന്ദിക്കാൻ മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീട്ടിലെത്തി. തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാ‍ർലമെൻറിൻറെ ഇരുസഭകളും നാളെ രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു.

പാർലമെൻറിന് ചുറ്റുമുള്ള 30 ഓഫീസുകൾക്ക് ഉച്ചവരെ അവധി നൽകി. തിരികെ രാഷ്ട്രപതി ഭവൻ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക. സോണിയ ഗാന്ധിയുടെ വീട്ടിന് തൊട്ടടുത്തുള്ള, നേരത്തെ രാംവിലാസ് പസ്വാൻ താമസിച്ചിരുന്ന 9 ജൻപഥിലേക്കായിരിക്കും രാംനാഥ് കോവിന്ദ് മാറുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57058/draupadi-murmu)