---
title: "പേരാവൂർ താലൂക്ക് ആശുപത്രി വികസനം പാതി വഴിയിൽ, ഒരു വർഷം മുൻപ് കെട്ടിടം പൊളിച്ചിട്ട അതേ പടി തന്നെ"
english_title: "The Peravoor Taluk Hospital development is half-way, at the same stage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57207/the-peravoor-taluk-hospital-development-is-half-way-at-the-same-stage"
published_at: "2022-07-25T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de7fc54bdfb_Picsart_22-07-25_17-04-10-178.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രി വികസനം പാതി വഴിയിൽ, ഒരു വർഷം മുൻപ് കെട്ടിടം പൊളിച്ചിട്ട അതേ പടി തന്നെ

> **Lead Summary:** **പേരാവൂർ : **നിരവധി പേർ ചികിത്സ തേടി എത്തുന്ന പേരാവൂർ താലൂക്കാശുപത്രിയുടെ വികസനം എങ്ങുമെത്തതെ പാതി വഴിയിൽ.

## Article Content

**പേരാവൂർ : **നിരവധി പേർ ചികിത്സ തേടി എത്തുന്ന പേരാവൂർ താലൂക്കാശുപത്രിയുടെ വികസനം എങ്ങുമെത്തതെ പാതി വഴിയിൽ.

നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചിട്ട് ഒരു വർഷമായി.2021ലാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ ബഹുനില കെട്ടിടനിർമാണത്തിന് ശിലാസ്ഥാപനം നടത്തിയത്.

എന്നാൽ അധികൃതരുടെ പിടിപ്പുകേടുമൂലം പഴയതുമില്ല പുതിയതുമില്ല സ്ഥിതിയിലായി. കിഫ്ബിയിലുൾപ്പെടുത്തി 2020 - ൽ 53 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു . ഒന്നാംഘട്ട പദ്ധതിക്ക് 22,03,99,000 രൂപ അനുവദിക്കുകയും 2021 - ൽ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു . ഒ.പി. , ഐ.പി. , അത്യാഹിത വിഭാഗം , ബ്ലഡ് ബാങ്ക് , ഫാർമസി , അസ്ഥിരോഗ, മാതൃ - ശിശു, ശസ്ത്രക്രിയാ, നേത്രരോഗ വിഭാഗങ്ങൾ അടങ്ങുന്ന മൂന്നുനില കെട്ടിടമാണ് ഒന്നാം ഘട്ടത്തിൽ അനുവദിച്ചത് . നിലവിലുണ്ടായിരുന്ന ഒ.പി. , ഫാർമസി , ഓഫീസ് എന്നിവയടങ്ങുന്ന മൂന്ന് കെട്ടിടങ്ങൾ 2021 ജൂലായിൽ പൊളിച്ചുമാറ്റി . മുകൾഭാഗത്തുണ്ടായിരുന്ന പ്രസവമുറിയും സ്ത്രീകളുടെ വാർഡുമടങ്ങുന്ന കെട്ടിടവും പൊളിച്ചിട്ടു . താത്കാലിക ഒ.പി.യും അത്യാഹിതവിഭാഗവും ഫാർമസിയും ഒരുക്കിയെങ്കിലും ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ രോഗികൾ ദുരിതത്തിലായി . മുകൾഭാഗത്ത് കെട്ടിടം പൊളിച്ചിട്ട സ്ഥലം ഇപ്പോൾ പൊതു വാഹന പാർക്കിങ് കേന്ദ്രമായി മാറി . ആശുപത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാത്തതിനാൽ ആർക്കും കൈയേറാനും അനധികൃത നിർമാണം നടത്താനും കഴിയുന്നു . നിലവിൽ ഹൈക്കോടതിയിലും മുൻസിഫ് കോടതിയിലുമായി മൂന്ന് കേസുകൾ ഭൂമിയുമായി ബന്ധപ്പെട്ടുണ്ട് . നിലവിൽ ഹൈക്കോടതിയിലും മുൻസിഫ് കോടതിയിലുമായി മൂന്ന് കേസുകൾ ഉണ്ട്.

 ഈ കേസുകൾ തീർപ്പാക്കാൻ സ്ഥലത്തിന്റെ അവകാശികളായ ഗ്രാമപ്പഞ്ചായത്തോ ആസ്പത്രിയുടെ. ഭരണനിർവഹകരായ ബ്ലോക്ക് പഞ്ചായത്തോ തയ്യാറാവുന്നുമില്ല. ചുരുക്കത്തിൽ ആശുപത്രി ഇപ്പോൾ ഗതികിട്ടാത്ത അവസ്ഥയിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57207/the-peravoor-taluk-hospital-development-is-half-way-at-the-same-stage)