---
title: "എഞ്ചിനീയറിങ് ഉൾപ്പടെ 100 വിദ്യാർത്ഥികളുടെ പഠനം: 'വിദ്യാമൃതം 2'വുമായി മമ്മൂട്ടി "
english_title: "Mammootty with Vidyamrutam 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57229/mammootty-with-vidyamrutam-2"
published_at: "2022-07-25T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de91328368e_Screenshot_20220725-181747.png"
keywords: []
---

# എഞ്ചിനീയറിങ് ഉൾപ്പടെ 100 വിദ്യാർത്ഥികളുടെ പഠനം: 'വിദ്യാമൃതം 2'വുമായി മമ്മൂട്ടി 

> **Lead Summary:** കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാർത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിക്ക് തുടക്കമിടാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും എം ജി എമ്മും.'വിദ്യാമൃതം 2' എന്നാണ് പദ്ധതിയുടെ പേര്.

## Article Content

കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാർത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിക്ക് തുടക്കമിടാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും എം ജി എമ്മും.'വിദ്യാമൃതം 2' എന്നാണ് പദ്ധതിയുടെ പേര്.

മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുക്കുന്നത്. പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാകും. എഞ്ചിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കോമെഴ്‌സ്, ബിരുദ, ബിരുദാനന്തര  വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ - ബിരുദാനന്തര വിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും.

വരും വർഷങ്ങളിൽ വിപുലമാകുന്ന പദ്ധതി, കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും. *മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ* കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് 'വിദ്യാമൃതം - 2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആര്‍ട്‌സ് ആന്റ് സയന്‍സ്,കൊമേഴ്‌സ്,ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ട്. അർഹരായ വിദ്യാർഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതിൽ ഉൾപ്പെടുത്തുക. വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57229/mammootty-with-vidyamrutam-2)