---
title: "മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: ആഗസ്റ്റ് 20 ന്"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57287/mattannur"
published_at: "2022-07-26T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df37e712d97_Screenshot_20220726-060857.png"
keywords: []
---

# മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: ആഗസ്റ്റ് 20 ന്

> **Lead Summary:** **കണ്ണൂര്‍: **മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആഗസ്റ്റ് 20ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 6 മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. ആകെ 35 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

## Article Content

**കണ്ണൂര്‍: **മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആഗസ്റ്റ് 20ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 6 മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. ആകെ 35 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. കൗൺസിൽ ചെയർപേഴ്സൺ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാളെ മുതൽ ഓഗസ്റ്റ് രണ്ട് വരെ നാമനിർദ്ദേശം സമർപ്പിക്കാം.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ നഗരസഭയില്‍ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. ജില്ലാ കളക്ടറാണ് തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെണ്ണൽ ഓഗസ്റ്റ് 22 ന് നടക്കും,  17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളുമടക്കം 36,247 വോട്ടർമാരാണ് മട്ടന്നൂർ നഗരസഭയിലുള്ളത്.

2020ൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മട്ടന്നൂർ നഗരസഭയുടെ കാലാവധി കഴിഞ്ഞിരുന്നില്ല.  നിലവിലെ നഗരസഭ കൗൺസിലിന്റെ കാലാവധി സെപ്റ്റംബർ 10 നാണ് അവസാനിക്കുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57287/mattannur)