---
title: "കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശം: 'വഞ്ചിതരാകരുത്', ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57451/kseb"
published_at: "2022-07-26T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfe2fcc3ba8_images_(4).jpeg"
keywords: []
---

# കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശം: 'വഞ്ചിതരാകരുത്', ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

> **Lead Summary:**  **തിരുവനന്തപുരം: **എത്രയും വേഗം പണമടച്ചില്ലെങ്കിൽ, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ലഭിക്കുന്ന വ്യാജ വാര്‍ത്തകൾ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി.

## Article Content

 **തിരുവനന്തപുരം: **എത്രയും വേഗം പണമടച്ചില്ലെങ്കിൽ, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ലഭിക്കുന്ന വ്യാജ വാര്‍ത്തകൾ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി.

ഇത്തരത്തിൽ ചില വ്യാജ എസ്എംഎസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ഇംഗ്ലീഷിൽ ലഭിച്ചിരുന്ന ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല.

ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം എന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57451/kseb)