---
title: "പാപ്പൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല"
english_title: "Suresh gopi film pappan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58073/suresh-gopi-film-pappan"
published_at: "2022-07-29T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3a5d1006a0_Screenshot_2022-07-29-14-45-08-536_com.google.android.googlequicksearchbox.jpg"
keywords: []
---

# പാപ്പൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല

> **Lead Summary:** മലയാളം ബി​ഗ് സ്ക്രീനിലെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യ വരിയില്‍ തന്നെ ഇടംപിടിക്കാറുള്ളവരാണ് ഭരത് ചന്ദ്രനും മാധവനും അശോക് നരിമാനും മുഹമ്മദ് സര്‍ക്കാരുമൊക്കെ. ഒക്കെയും സുരേഷ് ​ഗോപി വാക്കും ജീവനും നല്‍കിയ കഥാപാത്രങ്ങള്‍.

## Article Content

മലയാളം ബി​ഗ് സ്ക്രീനിലെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യ വരിയില്‍ തന്നെ ഇടംപിടിക്കാറുള്ളവരാണ് ഭരത് ചന്ദ്രനും മാധവനും അശോക് നരിമാനും മുഹമ്മദ് സര്‍ക്കാരുമൊക്കെ. ഒക്കെയും സുരേഷ് ​ഗോപി വാക്കും ജീവനും നല്‍കിയ കഥാപാത്രങ്ങള്‍.

കാക്കിയിട്ട സുരേഷ് ​ഗോപി എന്നത് തൊണ്ണൂറുകളില്‍ നിര്‍മ്മാതാക്കള്‍ക്ക് മിനിമം ​ഗ്യാരന്‍റി ആയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കൊപ്പം സുരേഷ് ​ഗോപിയുടെ അത്തരം വേഷങ്ങള്‍ സിനിമാഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഒതുങ്ങി. പത്ത് വര്‍ഷത്തിനു ശേഷം സുരേഷ് ​ഗോപി ഒരു പൊലീസ് കഥാപാത്രമായി എത്തുകയാണ് പാപ്പനിലൂടെ.

തനിക്ക് ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയ ജോഷിക്കൊപ്പമാണ് ആ മടങ്ങിവരവ് എന്നതായിരുന്നു റിലീസിനു മുന്‍പ് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ആദ്യ കൗതുകം. എന്നാല്‍ സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്കുള്ള ട്രിബ്യൂട്ട് പോലെയും കരുതാവുന്ന ചിത്രം അദ്ദേഹത്തിന്‍റെ താരമൂല്യത്തെ കാലാനുസൃതമായാണ് അവതരിപ്പിച്ചിരിക്കുന്നത്. എബ്രഹാം മാത്യു മാത്തന്‍ എന്ന മുന്‍ പൊലീസ് ഉദ്യോ​ഗസ്ഥനാണ് സുരേഷ് ​ഗോപിയുടെ നായകന്‍. തൊഴിലിനോട് ഏറെ ആത്മാര്‍ഥതയുള്ളവനെന്ന് പൊലീസ് സേനയിലെ ഉന്നതോദ്യോ​ഗസ്ഥര്‍ക്കുവരെ അഭിപ്രായമുണ്ടായിരുന്ന അയാള്‍ പക്ഷേ ഒരു നിര്‍ണ്ണായക കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കിയതിന് സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട പശ്ചാത്തലമുള്ളയാളുമാണ്. കാലങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സമാനരീതിയില്‍ നടക്കുന്ന ചില കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ അനൗദ്യോ​ഗികമായി മാത്തന്‍റെ സഹായം തേടുകയാണ് പൊലീസ്. അതേസമയം തന്നെ അന്വേഷണത്തിന്‍റെ ചില ഘട്ടങ്ങളില്‍ ഈ കുറ്റകൃത്യങ്ങളുടെ പ്രതിസ്ഥാനത്തും അയാളുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58073/suresh-gopi-film-pappan)