---
title: "പഞ്ചായത്ത് വാഗ്ദാനം ചെയ്ത സബ്സിഡി തുക ഇതുവരെ കിട്ടിയിട്ടില്ല: മുഴക്കുന്ന് പഞ്ചായത്തിലെ 15 മത്സ്യ കർഷകർ കടക്കെണിയിൽ"
english_title: "15 fish farmers in Muzakkunnu panchayath in debt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5816/15-fish-farmers-in-muzakkunnu-panchayath-in-debt"
published_at: "2021-10-18T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d2370e3512_images (14).jpeg"
keywords: []
---

# പഞ്ചായത്ത് വാഗ്ദാനം ചെയ്ത സബ്സിഡി തുക ഇതുവരെ കിട്ടിയിട്ടില്ല: മുഴക്കുന്ന് പഞ്ചായത്തിലെ 15 മത്സ്യ കർഷകർ കടക്കെണിയിൽ

> **Lead Summary:** പേരാവൂർ: മുഴക്കുന്നു പഞ്ചായത്തിലെ ജൈവ മൽസ്യ കരഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫിഷറീസ്, പഞ്ചായത്തു അധികൃതരുടെ മോഹന വാഗ്ദാനങ്ങളിൽ പെട്ടു വീട്ടു മുറ്റത്തു പടുതാക്കുളവും ബയോ ഫ്ളോക് ടാങ്കുകളും നിർമിച്ചു കൃഷിയിറക്കിയ 15 കർഷകകരാണ് കടക്കെണിയിലായത്.

## Article Content

പേരാവൂർ: മുഴക്കുന്നു പഞ്ചായത്തിലെ ജൈവ മൽസ്യ കരഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫിഷറീസ്, പഞ്ചായത്തു അധികൃതരുടെ മോഹന വാഗ്ദാനങ്ങളിൽ പെട്ടു വീട്ടു മുറ്റത്തു പടുതാക്കുളവും ബയോ ഫ്ളോക് ടാങ്കുകളും നിർമിച്ചു കൃഷിയിറക്കിയ 15 കർഷകകരാണ് കടക്കെണിയിലായത്.

ഒന്നര ലക്ഷത്തിൽ ഏറെ രൂപ ബാങ്കിൽ നിന്ന് വായ്പ്പയെടുത്താണ് ഓരോ കർഷകനും കൃഷി യിറക്കിയത്. എന്നാൽ പഞ്ചായത്തു വാഗ്ദാനം ചെയ്ത സബ്സിഡി തുക ഇതുവരെ കിട്ടിയിട്ടില്ല. പദ്ധതിക്കായി പഞ്ചയത്ത് നീക്കി വെച്ച എട്ടു ലക്ഷത്തോളം രൂപ ചെലവഴിക്കാൻ കഴിയാതെ ലാപ്സ് ആയി. മാർച്ച് 31 നു മുന്നേ വിതരണം ചെയ്യേണ്ടിയിരുന്ന സബ്‌സിഡി തുകയുടെ ഫണ്ട് വിനിയോഗിക്കാൻ പഞ്ചായത്ത്‌ ധനകാര്യ വകുപ്പിന് കത്ത് എഴുതിയത് അതിനു മൂന്ന് ദിവസം മുൻപ് മാത്രമായിരുന്നു.

തുക ഈ സാമ്പത്തിക വർഷം സ്പിൽ ഓവർ ആയി അനുവദിക്കുമെന്ന് പഞ്ചായത്തു അധികൃതർ പറയുന്നുണ്ടെങ്കിലും ആറു മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. തങ്ങൾ ചെയ്യാനുള്ളത് ചെയ്‌തെന്നും ധനകാര്യ വകുപ്പാണ് ഇനി നടപടി സ്വീകരിക്കേണ്ടതെന്നുമാണ് പഞ്ചായത്തു അധികൃതരുടെ വിശദീകരണം.

ജില്ലയിലെ ഇതര പഞ്ചായത്തുകളിൽ എല്ലാം കർഷകർക്ക് സബ്സിഡി കൃത്യ സമയത്തു ലഭിച്ചപ്പോഴാണ് മുഴക്കുന്നിലെ കർഷകർ ദുരിതം അനുഭവിക്കുന്നത്. വർധിച്ച ചെലവും, വിളവ് കുറവും , മികച്ച വിത്തിന്റെ അഭാവവും, ജൈവ മത്സ്യത്തിന് ആവശ്യക്കാർ കുറയുന്നതും മൂലം കടക്കെണിയിലാണ് കർഷകർ. കഴിഞ്ഞ വർഷത്തെ പദ്ധതി നടപ്പാക്കാൻ കഴിയാത്ത പഞ്ചായത്ത്‌ ഇതേ പദ്ധതിയിലേക്ക് പുതിയ കർഷകരെ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ. ഇനിയും കാത്തിരിക്കാൻ പറ്റാത്തതിനാൽ പ്രത്യക്ഷ സമരത്തിന് തയ്യാറാവുകയാണ് മുഴക്കുന്ന് പഞ്ചായത്ത് ജൈവ മൽസ്യ കർഷകർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5816/15-fish-farmers-in-muzakkunnu-panchayath-in-debt)