---
title: "മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖലയ്ക്ക് കരുത്തായി ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി പുരോഗമിക്കുന്നു"
english_title: "The Trans Grid 2.0 project is progressing to strengthen the power transmission network in Malabar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/58364/the-trans-grid-20-project-is-progressing-to-strengthen-the-power-transmission-network-in-malabar"
published_at: "2022-07-30T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e537e10317e_images_(12).jpeg"
keywords: []
---

# മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖലയ്ക്ക് കരുത്തായി ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി പുരോഗമിക്കുന്നു

> **Lead Summary:** **കണ്ണൂർ : **മലബാർ മേഖലയിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനായി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി പുരോഗമിക്കുന്നു. 2040 വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് ലക്ഷ്യമിടുന്നത്. പുതിയ ലൈനുകൾ സ്ഥാപിക്കുകയും നിലവിലുള്ളതിന്റെ ശേഷി വർധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ചെയ്യുക.

## Article Content

**കണ്ണൂർ : **മലബാർ മേഖലയിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനായി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി പുരോഗമിക്കുന്നു. 2040 വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് ലക്ഷ്യമിടുന്നത്. പുതിയ ലൈനുകൾ സ്ഥാപിക്കുകയും നിലവിലുള്ളതിന്റെ ശേഷി വർധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ചെയ്യുക.

പുതിയ 400 കെ.വി പ്രസരണ ലൈനുകൾ, 110 കെ വി സബ് സ്റ്റേഷന്റെ ശേഷി 220 കെവിയായി വർധിപ്പിക്കൽ, 66/110 കെ വി ലൈനുകൾ 10/220 കെ വിയായി ശേഷി വർധിപ്പിക്കൽ എന്നീ പ്രവൃത്തികളാണ് നടക്കുന്നത്. തലശ്ശേരി 110 കെ വി സബ് സ്റ്റേഷന്റെ ശേഷി 220 കെ വി ആയി ഉയർത്തും. കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് മുതൽ കാസർകോട് ജില്ലയിലെ മയിലാട്ടി വരെ പുതിയ ലൈൻ സ്ഥാപിക്കും. 

ജില്ലയിലെ വാസയോഗ്യമായ മുഴുവൻ വീടുകളിലും വൈദ്യുതി നൽകി 2017ൽ കണ്ണൂരിനെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചിരുന്നു. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ ജ്യോതി യോജന പ്രകാരം 38.58 കോടിയുടെ പ്രവൃത്തികളാണ് നടത്തിയത്. ഈ പദ്ധതി പ്രകാരം 5034 ബിപിഎൽ കുടുംബങ്ങൾക്കാണ് സൗജന്യമായി വൈദ്യുതി ലഭിച്ചത്. 55 വിതരണ ട്രാൻസ്‌ഫോമറുകൾ സ്ഥാപിച്ചതിനൊപ്പം തകരാറിലായ 152000 മീറ്ററുകൾ മാറ്റി നൽകി.

ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമിലൂടെ 22.47 കിലോമീറ്റർ 11 കെ വി ഓവർ ഹെഡ് ലൈനും 42 കിലോമീറ്ററിൽ എൽ ടി എ ബി സി ലൈനും 82 ട്രാൻസ്‌ഫോമറുകളും സ്ഥാപിച്ചു. ഈ പദ്ധതിക്കായി 38.71 കോടി രൂപയാണ് ചെലവാക്കിയത്. ഇതോടെ ജില്ലയിലെ നഗരപ്രദേശങ്ങളിൽ മികച്ചതും സുരക്ഷിതവുമായ വൈദ്യുത ശ്യംഖല യാഥാർഥ്യമായി. 'സൗഭാഗ്യ' പദ്ധതി പ്രകാരം പ്രളയത്തിൽ സർവീസ് കണക്ഷൻ നഷ്ടപ്പെട്ട 86 വീടുകളിൽ ഇത് പുനസ്ഥാപിച്ചു.

ഊർജകേരള മിഷന്റെ ദ്യുതി പദ്ധതിയിലൂടെ വൈദ്യുതി വിതരണ മേഖല നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. പഴകിയ പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുക, ഏരിയൽ ബെഞ്ച്ഡ് കേബിൾ സംവിധാനത്തിലൂടെ വൈദ്യുതി മുടക്കം കുറക്കുക, പട്ടണ പ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി വിതരണം ആധുനികവത്ക്കരിക്കുക, ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ എന്ന നൂതന സംവിധാനത്തിലൂടെ വൈദ്യുതി കമ്പിയിൽ ഉണ്ടാകുന്ന തടസങ്ങൾ തത്സമയം ഉദ്യോഗസ്ഥരെ അറിയിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഊർജ കേരള മിഷന്റെ ഭാഗമായി ഫിലമെന്റ് ഫ്രീ കേരള പദ്ധതിയിൽ എൽ ഇ ഡി അല്ലാത്ത മുഴുവൻ ബൾബുകളും മാറ്റും. 858745 പേർ ഇതിനകം എൽഇഡി ബൾബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സൗര പുരപ്പുറ സോളാർ പദ്ധതിയിൽ 22316 അപേക്ഷകൾ ലഭിച്ചു. ഇതിൽ അനുയോജ്യമായ 3283 പുരപ്പുറങ്ങളിൽ നിന്ന് 21.03 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. നിലാവ് പദ്ധതിയിലൂടെ 32000 ഫിലമെന്റ് ബൾബുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/58364/the-trans-grid-20-project-is-progressing-to-strengthen-the-power-transmission-network-in-malabar)