---
title: "ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11 ന് തുറക്കും."
english_title: "The Idukki dam will be opened at 11 am today."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5924/the-idukki-dam-will-be-opened-at-11-am-today"
published_at: "2021-10-19T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e294de814a_images - 2021-10-19T074035.176.jpeg"
keywords: []
---

# ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11 ന് തുറക്കും.

> **Lead Summary:** **ഇടുക്കി** : ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11 ന് തുറക്കും. ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 cm വീതം തുറന്ന് 100 ക്യുമക്‌സ് വരെ ജലം പുറത്തൊഴുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.അണക്കെട്ടിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിടുക.

## Article Content

**ഇടുക്കി** : ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11 ന് തുറക്കും. ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 cm വീതം തുറന്ന് 100 ക്യുമക്‌സ് വരെ ജലം പുറത്തൊഴുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.അണക്കെട്ടിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിടുക.

ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത മുതല്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 2398.86 അടി എത്തിയാല്‍ ചുവപ്പ് ജാഗ്രത പുറപ്പെടുവിക്കും. ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടര്‍ ഉയര്‍ത്തും.

ഇടുക്കി അണക്കെട്ടില്‍ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4 - 6 മണിക്കൂറിനുള്ളില്‍ കാലടി - ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഇത് അഞ്ചാം തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. ഇതിന് മുമ്ബ് നാലു തവണ തുറന്നതില്‍, മൂന്നും ഒക്ടോബര്‍ മാസത്തിലാണ്. 1981 ഒക്ടോബര്‍ 29, 1992 ഒക്ടോബര്‍ 12, 2018 ഓഗസ്റ്റ് ഒന്‍പത്, 2018 ഒക്ടോബര്‍ ആറിനുമാണ് മുന്‍പ് ചെറുതോണി അണക്കെട്ട് തുറന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5924/the-idukki-dam-will-be-opened-at-11-am-today)