---
title: "ഇടുക്കി ഡാം തുറന്നു: സെക്കൻഡിൽ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്"
english_title: "Idukki Dam opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5958/idukki-dam-opened"
published_at: "2021-10-19T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e5afd3e692_images (2).jpeg"
keywords: []
---

# ഇടുക്കി ഡാം തുറന്നു: സെക്കൻഡിൽ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്

> **Lead Summary:** തൊടുപുഴ: ശക്​തമായ മഴയെ തുടർന്ന്​ ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു. രാവിലെ 11ന്​ ചെറുതോണി ഡാമിന്‍റെ മൂന്ന്​ ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തിയാണ് സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) പുറത്തേക്ക് ഒഴുക്കിവിടുന്നത്.

## Article Content

തൊടുപുഴ: ശക്​തമായ മഴയെ തുടർന്ന്​ ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു. രാവിലെ 11ന്​ ചെറുതോണി ഡാമിന്‍റെ മൂന്ന്​ ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തിയാണ് സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) പുറത്തേക്ക് ഒഴുക്കിവിടുന്നത്.

ഇടുക്കി ഡാം തുറക്കലിന്‍റെ മുന്നോടിയായി രാവിലെ 10.55ന് മുന്നറിയിപ്പ് സൈറൺ മുഴക്കി. ഇതിന് പിന്നാലെ 11 മണിയോടെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ല കലക്ടർ ഷീബ ജോർജ്, വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ. ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ഷട്ടർ തുറന്നത്.

ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്നതോടെ വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലേക്ക് കുതിച്ചൊഴുകി. അവിടെനിന്ന്​ നേര്യമംഗലം വഴി ഭൂതത്താൻകെട്ട്​ അണക്കെട്ടിലൂടെ കീരമ്പാറ, കോടനാട്​, മലയാറ്റൂർ, കാലടി, ആലുവ, നെടുമ്പാശ്ശേരി, ഏലൂർ, എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലും കായലിലും എത്തും. സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്​, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും കാര്യമായി ബാധിക്കാനാണ് സാധ്യത.

അണക്കെട്ട്​ തുറക്കുന്നതിന്‍റെ ഭാഗമായി ശക്​തമായ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്​. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകൾ അനാവശ്യമായി പെരിയാറിൽ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2403 അടിയാണ്​ അണക്കെട്ടിന്‍റെ പൂർണ സംഭരണശേഷി. ഇന്ന് രാവിലെ​ എട്ട്​ വരെയുള്ള കണക്ക്​ പ്രകാരം 2398.04 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയു​ടെ 94.19 ശതമാനമാണ്​. ജലനിരപ്പ് 2396.86 അടി കടന്നതിനെ തുടർന്ന്​ തിങ്കളാഴ്​ച രാവിലെ ഏഴിന് ഇടുക്കി​ കലക്​ടർ ഒാറഞ്ച്​ അലർട്ടും​ രാത്രിയോടെ റെഡ്​ അലർട്ടും​ പ്രഖ്യാപിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5958/idukki-dam-opened)