---
title: "കെ.എസ്.ആര്‍.ടി.സി നാഥനില്ലാത്ത അവസ്ഥയിലേക്ക്: ടി. സിദ്ധിഖ് "
english_title: "KSRTC to be without Lord: T. Siddique"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59625/ksrtc-to-be-without-lord-t-siddique"
published_at: "2022-08-05T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecb69717eb5_1614047485_bus-1.jpg"
keywords: []
---

# കെ.എസ്.ആര്‍.ടി.സി നാഥനില്ലാത്ത അവസ്ഥയിലേക്ക്: ടി. സിദ്ധിഖ് 

> **Lead Summary:** കല്‍പ്പറ്റ: ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഡീസല്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. വയനാട് പോലുള്ള ഒരു പിന്നോക്ക ജില്ലയില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി ബസുകളെ മാത്രമാണ്.

## Article Content

കല്‍പ്പറ്റ: ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഡീസല്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. വയനാട് പോലുള്ള ഒരു പിന്നോക്ക ജില്ലയില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി ബസുകളെ മാത്രമാണ്.

ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും, സാധാരണ ജനങ്ങളും താമസിക്കുന്ന ഉള്‍പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് മാത്രമാണ് ഉള്ളത്. റെയില്‍വെ ഇല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ്. നിലവില്‍ ജില്ലയിലെ സര്‍വ്വീസുകള്‍ ഒരു ദിവസം മുടങ്ങാതെ മുന്നോട്ട് പോകണമെങ്കില്‍ 15,000 ലിറ്ററോളം ഡീസല്‍ വേണമെന്നിരിക്കെ രണ്ട് ദിവസത്തിലധികമായി ജില്ലയിലെ കെ.എസ്.ആര്‍.ടി.സിയുടെ പല സര്‍വ്വീസുകളും നിലച്ചിരിക്കുകയാണ്.

അതോടൊപ്പം രണ്ട് മാസമായി ശമ്പളം നല്‍കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഏറ്റവും വലിയ പരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയുമാണ്. അത്തരം സാഹചര്യത്തിലാണ് ഡീസല്‍ പ്രതിസന്ധിയും ഉണ്ടായിട്ടുള്ളത്. ഇതിന് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

ആ സാഹചര്യത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയുമായും, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം സംസാരിക്കുകയും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതാണെന്നും എം.എല്‍.എ പറഞ്ഞു. വീണ്ടും ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ തവണ ഡീസല്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ജില്ലയിലെ തന്നെ മറ്റ് ഡിപ്പോകളായ മാനന്തവാടിയിലും, ബത്തേരിയിലും ഡീസല്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം അതല്ല. മൂന്ന് ഡിപ്പോകളിലും ഡീസല്‍ ലഭ്യമല്ല. ഈ വിഷയം പരിഹരിക്കുന്നതിനായി അടിയന്തിരമായി ഇടപെടണമെന്ന് വകുപ്പ് മന്ത്രിയോട് എം.എല്‍.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59625/ksrtc-to-be-without-lord-t-siddique)