എറണാകുളം: കേരളത്തിലെ റോഡുകളില്‍ കുഴികള്‍ നിറഞ്ഞ് അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. യാത്ര ചെയ്യാന്‍ പ്രത്യേകമായി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. മുഴുവന്‍ കുഴികള്‍ നിറഞ്ഞ സംസ്ഥാനത്ത് റോഡുകളൊന്നും നന്നാക്കാതെ ഇനി ടോള്‍ പിരിക്കാന്‍ പാടില്ലെന്നും ഇക്കാര്യം തൃശൂര്‍ എറണാകുളം കലക്ടര്‍മാരോട് ആവശ്യപ്പെടുമെന്നും സതീശന് പറഞ്ഞു. അങ്കമാലിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേശീയ പാതകളില്‍ മാത്രമല്ല കുഴികളുള്ളതെന്നായിരുന്നു മറുപടി. ദേശീയപാതയിലേയും പിഡബ്ല്യുഡി റോഡുകളിലേയും കുഴികളെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരിഹസിക്കുകയായിരുന്നു. നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും സതീശന് പറഞ്ഞു
Vd satheeshan