---
title: "നെടുമ്പാശ്ശേരിയിൽ നിന്ന് കാണാതായ വിമാനയാത്രക്കാരനെ തലശ്ശേരിയിൽ കണ്ടെത്തി"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60243/thalassery"
published_at: "2022-08-08T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f077f40b779_IMG-20220808-WA0020.jpg"
keywords: []
---

# നെടുമ്പാശ്ശേരിയിൽ നിന്ന് കാണാതായ വിമാനയാത്രക്കാരനെ തലശ്ശേരിയിൽ കണ്ടെത്തി

> **Lead Summary:**  വിദേശത്തു നിന്ന് എത്തിയ ശേഷം നെടുമ്പാശ്ശേരിയിൽനിന്ന് കാണാതായ തൃശ്ശൂർ വെന്നൂർ സ്വദേശി അഫ്സലിനെ തലശ്ശേരിയിലെ ലോഡ്ജിൽ കണ്ടെത്തി. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ മകനെ കാണാനില്ലെന്ന് മാതാവ് നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.

## Article Content

 വിദേശത്തു നിന്ന് എത്തിയ ശേഷം നെടുമ്പാശ്ശേരിയിൽനിന്ന് കാണാതായ തൃശ്ശൂർ വെന്നൂർ സ്വദേശി അഫ്സലിനെ തലശ്ശേരിയിലെ ലോഡ്ജിൽ കണ്ടെത്തി. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ മകനെ കാണാനില്ലെന്ന് മാതാവ് നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.

തലശ്ശേരി പോലീസ് രാത്രി ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അഫ്സൽ ഉൾപ്പെടെ 14 പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് വാഹനങ്ങളിലായാണ് ഇവർ തലശ്ശേരിയിലെത്തിയത്. ആദ്യം മൂന്നുപേർ എത്തി. ബാക്കിയുള്ളവർ പിന്നാലെയും. രാവിലെ ഇൻഡിഗോ വിമാനത്തിലാണ് അഫ്‌സൽ മസ്‌ക്കറ്റിൽ നിന്നെത്തിയത്. വിമാനമിറങ്ങിയശേഷം ഇയാൾ വീട്ടിലേയ്ക്ക് ഫോൺ ചെയ്തിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തലശ്ശേരിയിൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അഫ്സൽ തലശ്ശേരിയിലെ ലോഡ്ജിലുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ ലോഡ്‌ജിൽ പരിശോധന നടത്തിയത്.

കസ്റ്റഡിയിലെടുത്തവരെ തലശ്ശേരിയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്കു കൊണ്ടുപോയി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് അഫ്‌സൽ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ പലയിടത്തും തട്ടിക്കൊണ്ടുപോകൽ നടക്കുന്നതിനാൽ പോലീസ് ഈ കേസിലും വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60243/thalassery)