---
title: "'ഹർ ഘർ തിരംഗ' ആഗസ്റ്റ് 13 മുതൽ 15 വരെ;  ഫ്‌ളാഗ് കോഡ് കർശനമായി പാലിക്കണം"
english_title: "'Har Ghar Thiranga' from August 13 to 15; The flag code must be followed strictly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60389/har-ghar-thiranga-from-august-13-to-15-the-flag-code-must-be-followed-strictly"
published_at: "2022-08-08T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0ffe4eb348_kudumbhasthree_desiya_pathaka_08.08.22.jpg"
keywords: []
---

# 'ഹർ ഘർ തിരംഗ' ആഗസ്റ്റ് 13 മുതൽ 15 വരെ;  ഫ്‌ളാഗ് കോഡ് കർശനമായി പാലിക്കണം

> **Lead Summary:** **കണ്ണൂർ**: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' ജില്ലയിൽ വിപുലമായി ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ സ്വവസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും ചീഫ് സെക്രട്ടറി അഭ്യർഥിച്ചു. 

## Article Content

**കണ്ണൂർ**: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' ജില്ലയിൽ വിപുലമായി ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ സ്വവസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും ചീഫ് സെക്രട്ടറി അഭ്യർഥിച്ചു. 

'ഹർ ഘർ തിരംഗ'യുടെ ഭാഗമായി തുറസ്സായ സ്ഥലത്തും വീടുകളിലും ദേശീയ പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. എങ്കിലും ഫ്‌ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3ഃ2 ആയിരിക്കണം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകയ്‌ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.

തല തിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ കുങ്കുമ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്‌ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുതെന്നും ഫ്‌ളാഗ് കോഡിൽ പറയുന്നു. ഈ നിർദേശങ്ങൾ കർശനമായി പാലിക്കണം. സ്ഥാപന മേധാവികൾ തങ്ങളുടെ ഓഫീസിലുള്ള ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ കുടുംബശ്രീ മിഷൻ മുഖേന രണ്ട് ലക്ഷം ദേശീയപതാകൾ നിർമ്മിച്ചിട്ടുണ്ട്. 60 യൂനിറ്റുകളിലായി 380ഓളം പേരാണ് പതാക നിർമ്മിച്ചത്. ഇതിന്റെ മാതൃക കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന് കൈമാറി. തലശ്ശേരി സബ് കലക്ടർ അനുകുമാരി, എഡിഎം കെ കെ ദിവാകരൻ സംബന്ധിച്ചു. സ്‌കൂളുകൾക്കും വീടുകൾക്കും 30 രൂപയ്ക്കും സ്ഥാപനങ്ങൾക്ക് 35 രൂപയ്ക്കുമാണ് ദേശീയപതാക നൽകുക. തദ്ദേശസ്ഥാപനങ്ങൾ വഴി സ്‌കൂളുകൾക്ക് ദേശീയപതാക വിതരണം നടത്താൻ കലക്ടർ നിർദേശിച്ചു. സ്‌കൂളുകൾക്ക് ആഗസ്റ്റ് 11 മുതൽ വിതരണം ചെയ്യും.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഖാദി കേന്ദ്രം മൂവായിരത്തിലേറെ ദേശീയപതാകകളും നിർമ്മിച്ചിക്കുന്നുണ്ട്. ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്തെടുക്കുന്ന കോറത്തുണിയിലാണ് പയ്യന്നൂർ ഖാദിയുടെ ഗാർമെന്റ് യൂണിറ്റിൽ ദേശീയ പതാകകൾ ഒരുങ്ങുന്നത്. പതാകകൾ തയ്യാറായാൽ ഖാദിഗ്രാമ ബോർഡിന്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 35 യൂണിറ്റുകളിലേക്കും വിതരണം ചെയ്യും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60389/har-ghar-thiranga-from-august-13-to-15-the-flag-code-must-be-followed-strictly)