---
title: "ഓണം ബംബർ; ജില്ലയിൽ 'ബംബർ' വിൽപ്പന"
english_title: "Onam Bamber; Sales of 'bamber' in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60396/onam-bamber-sales-of-bamber-in-the-district"
published_at: "2022-08-08T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f106ea1454e_images_(8).jpeg"
keywords: []
---

# ഓണം ബംബർ; ജില്ലയിൽ 'ബംബർ' വിൽപ്പന

> **Lead Summary:** **കണ്ണൂർ** : ഓണം ബംബർ ലോട്ടറിയിൽ റെക്കോഡ് വിൽപ്പന. മൂന്നാഴ്ചകൊണ്ട് ജില്ലയിൽ 65250 ടിക്കറ്റുകൾ വിറ്റഴിച്ചു. ആദ്യഘട്ടത്തിൽ 85,000 ടിക്കറ്റുകളാണ് ജില്ലയിൽ എത്തിച്ചത്.

## Article Content

**കണ്ണൂർ** : ഓണം ബംബർ ലോട്ടറിയിൽ റെക്കോഡ് വിൽപ്പന. മൂന്നാഴ്ചകൊണ്ട് ജില്ലയിൽ 65250 ടിക്കറ്റുകൾ വിറ്റഴിച്ചു. ആദ്യഘട്ടത്തിൽ 85,000 ടിക്കറ്റുകളാണ് ജില്ലയിൽ എത്തിച്ചത്.

നറുക്കെടുപ്പിന്റെ അവസാന നാളുകളിലാണ് ബംബർ ടിക്കറ്റുകളുടെ വിൽപ്പന പൊതുവെ സജീവമാകാറ്. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ ആദ്യ ആഴ്ചകളിൽ തന്നെ വിൽപ്പന ചൂടുപിടിച്ചു. കച്ചവടം വേഗത്തിൽ നടക്കുന്നതായി പല ഏജന്റുമാരും അറിയിച്ചതായി ജില്ലാ ലോട്ടറി ഓഫീസർ കെ ഹരീഷ് പറഞ്ഞു. 500 രൂപയുടെ ടിക്കറ്റ് വിറ്റാൽ ഏജന്റിന് 95 രൂപ കമ്മീഷനായി ലഭിക്കും. അതിനാൽ വിൽപ്പനക്കാരും ഉത്സാഹത്തിലാണ്. മൂന്ന് ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിതരണത്തിനായി ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ പ്രസിലാണ് അച്ചടി നടക്കുന്നത്. സമ്മാനത്തുക കൂടുതലായതിനാൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ടിക്കറ്റിന്റെ നിർമാണം. അതിനാൽ അച്ചടിക്ക് കൂടുതൽ സമയം ആവശ്യമാതനിനാൽ വിവിധ ഘട്ടങ്ങളിലായാണ് ടിക്കറ്റുകൾ ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. വിറ്റു തീരുന്നതിന് അനുസരിച്ച് പുതിയത് എത്തിക്കുന്നതിനാൽ മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും ലോട്ടറി ഓഫീസർ അറിയിച്ചു.

ലോട്ടറികളിൽ ഏറ്റവും കൂടുതൽ വിറ്റ് വരവ് ലഭിക്കുന്ന ഒന്നാണ് ഓണം ബംബർ. ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. കഴിഞ്ഞ മൂന്ന് വർഷവും 12 കോടി രൂപയായിരുന്നു നൽകിയത്. നറുക്കെടുപ്പ് സെപ്തംബർ 18ന് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60396/onam-bamber-sales-of-bamber-in-the-district)