---
title: "എല്ലാം വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി "
english_title: "Pinarayivijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60463/pinarayivijayan"
published_at: "2022-08-09T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1a40f240c8_Screenshot_20220809-052803.png"
keywords: []
---

# എല്ലാം വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി 

> **Lead Summary:** **തിരുവനന്തപുരം: **സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

## Article Content

**തിരുവനന്തപുരം: **സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാവരേയും ചേര്‍ത്തു പിടിച്ചു മുന്നോട്ടു പോകാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ചില്‍ഡ്രണ്‍സ് ഹോമിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'ഫെസ്റ്റ് ഓഫ് ഹാപ്പിനസ്' കലാ, കരകൗശല മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തിജീവിതത്തില്‍ ഏറ്റവും കരുതലും ശ്രദ്ധയും വേണ്ട കാലമാണു ബാല്യകാലമെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിത്വ വികാസത്തിനു സഹായകമായ നിരവധി പ്രത്യേക ഘടകങ്ങള്‍ ഈ ഘട്ടത്തിലാണു രൂപപ്പെടുന്നത്. സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായി ചില വേര്‍തിരിവുകള്‍ സമൂഹത്തില്‍ ഉണ്ടാകുന്നുവെന്നതു വസ്തുതയാണ്. അത്തരത്തിലുള്ള വേര്‍തിരിവുകളൊന്നും ബാധകമാകാത്ത കാലമാണു ബാല്യകാലം.

പക്ഷേ, നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും ആ ഘട്ടത്തിലും സാമൂഹ്യവ്യവസ്ഥയുടെ ഭാഗമായുള്ള ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുവെന്നതു യാഥാര്‍ഥ്യമാണ്. ഇത് ഇല്ലാതാക്കാനും അത്തരത്തിലുള്ളവരെയടക്കം മികച്ച രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഭാവി ജീവിതം നല്ല രീതിയില്‍ കരുപ്പിടിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില്‍ഡ്രണ്‍സ് ഹോമിലെ കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു വേണ്ടി ഹോമുകളുടെ അന്തരീക്ഷത്തേയും അടിസ്ഥാന സൗകര്യങ്ങളേയും പൂര്‍ണമായി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, വനിതാ - ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ചില്‍ഡ്രണ്‍സ് ഹോമുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. പഠിക്കാനും കളിക്കാനുമൊക്കെയുള്ള മികച്ച സൗകര്യം ഇവിടങ്ങളിലൊരുക്കും. സംസ്ഥാനത്തെ ശിശുസൗഹൃദമാക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തില്‍ ഏറ്റവും പ്രധാനമാണു മികച്ച ചില്‍ഡ്രണ്‍സ് ഹോമുകളെന്നും മന്ത്രി അറിയിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസില്‍ സംസ്ഥാനത്തെ വിവിധ ജി്ല്ലകളില്‍നിന്നുള്ള സര്‍ക്കാര്‍, സര്‍ക്കാരിതര ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ നിരവധി കുട്ടികള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍, അംഗങ്ങളായ ബി. ബബിത, റെനി ആന്റണി, സി. വിജയകുമാര്‍, സെക്രട്ടറി ടി.കെ. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60463/pinarayivijayan)