---
title: "ഓണത്തിന് കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജമെത്തിക്കാനൊരുങ്ങി കെ എസ് ഇ ബി "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60465/kseb"
published_at: "2022-08-09T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1a74b328b0_Screenshot_20220809-054218.png"
keywords: []
---

# ഓണത്തിന് കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജമെത്തിക്കാനൊരുങ്ങി കെ എസ് ഇ ബി 

> **Lead Summary:** **തിരുവനന്തപുരം: **ഈ ഓണത്തിന്** **സംസ്ഥാനത്തെ** **കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജമെത്തിക്കാന്‍ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി.

## Article Content

**തിരുവനന്തപുരം: **ഈ ഓണത്തിന്** **സംസ്ഥാനത്തെ** **കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജമെത്തിക്കാന്‍ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വീടുകളില്‍ത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കെ.എസ്.ഇ.ബി. പ്രത്യേക പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അറിയിപ്പുകളും കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫിസുകള്‍ വഴി രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇ - കിരണ്‍ പോര്‍ട്ടല്‍ വഴി സ്വയം രജിസ്ട്രേഷന്‍ നടത്താം. പദ്ധതി വഴി 2023 മാര്‍ച്ചിനകം 200 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുകയാണു കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ ആദ്യ വാരത്തിനുള്ളില്‍ 100 മെഗാവാട്ട് വൈദ്യുതി ഉദ്പാദനം സാധ്യമാക്കുന്നതിനാണു പ്രത്യേക കാമ്ബയിന്‍ നടപ്പാക്കുന്നത്.

കെ.എസ്.ഇ.ബി, അനെര്‍ട്ട് എന്നിവയെയാണ് സംസ്ഥാനത്ത് സൗര പദ്ധതി നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. രണ്ടു ഏജന്‍സികളിലൂടെയും ഇതുവരെ 14,000 വീടുകളില്‍ പദ്ധതി നടപ്പാക്കി. 40 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉദ്പാദിപ്പിക്കാനാവുക. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്കു നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

പുരപ്പുറത്ത് ലഭ്യമായ സ്ഥലം, വെയില്‍ ലഭ്യത തുടങ്ങിയവ നിര്‍ണായകമാണ്. മൂന്നു കിലോവാട്ട് വരെ 40 ശതമാനവും മൂന്നു മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനവും ഗുണഭോക്താവിന് സബ്സിഡി ലഭിക്കും. ആകെ ചെലവാകുന്ന തുകയില്‍ സബ്സിഡി ഒഴികെയുള്ള തുക മാത്രം ഗുണഭോക്താവ് നല്‍കിയാല്‍ മതി. ശരാശരി രണ്ടു കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള സോളാര്‍ പാനലുകളാണു വീടുകളില്‍ സ്ഥാപിക്കുന്നത്.

ഒരു കിലോവാട്ട് (നാലു യൂണിറ്റ്) വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയില്‍ കൂടുതല്‍ ഉദ്പാദിപ്പിക്കുകയാണെങ്കില്‍ അധിക വൈദ്യുതി കെ എസ് ഇ ബിയ്ക്ക് നല്‍കാം. ഒക്ടോബര്‍ - സെപ്തംബര്‍ വരെയുള്ള സൗര വര്‍ഷം കണക്കാക്കി അധികമായി വരുന്ന വൈദ്യുതിയ്ക്ക് കെ.എസ്.ഇ.ബി. പണം നല്‍കും. നിലവില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചതുപ്രകാരം യൂണിറ്റിന് 3.22 രൂപയാണ് ഉടമസ്ഥന് ലഭിക്കുക.

വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി, അനര്‍ട്ട് എന്നിവയിലൂടെ ഇതുവരെ 90,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. tthps://ekiran.kseb.in/ , tthp://buymysun.com/ എന്നിവ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിവരങ്ങള്‍ക്ക് 1912, 1800 425 1803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60465/kseb)