---
title: "എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് തുറക്കും"
english_title: "Eranakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60467/eranakulam"
published_at: "2022-08-09T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1a888445af_Screenshot_20220809-055003.png"
keywords: []
---

# എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് തുറക്കും

> **Lead Summary:** **തിരുവനന്തപുരം : **എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക.ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക.

## Article Content

**തിരുവനന്തപുരം : **എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക.ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക.

ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ആറിയിച്ചു.

എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാന്‍ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് ഇന്ന് കൂട്ടിയേക്കും. ഒഴുകി എത്തുന്ന വെളളത്തിന്‍റെയും വൃഷ്ടിപ്രദേശത്തെ മഴയുടെയും മുല്ലപ്പെരിയാറില്‍ നിന്നുമെത്തുന്ന വെള്ളത്തിന്‍റെയും അളവിനനുസരിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.

നീരൊഴുക്കിന്‍റെ ശക്തി കാര്യമായി കുറഞ്ഞില്ലെങ്കില്‍ ഇടുക്കിയില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തിയായി തുടരുകയാണ്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലവലിനു താഴെ എത്തുന്നതു വരെ വെള്ളം തുറന്നു വിടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടതോടെ പെരിയാറിന്‍റെ തീരത്തെ ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലുള്ളവര്‍ക്ക് മാറിത്താമസിക്കാന്‍ ക്യാമ്ബുകളും തുറന്നു. മലമ്ബുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നു.ഡാമിന്റെ 4 ഷട്ടറുകള്‍ 55 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. മുക്കൈ പുഴ കരകവിഞ്ഞതോടെ മുക്കൈ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു.ശിരുവാണി ഡാമിന്റെ സ്സൂയിസ് ഷട്ടര്‍ 1.70 അടിയായി ഉയര്‍ത്തിയിട്ടുണ്ട്.

അട്ടപാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 1 സെന്റീമീറ്റര്‍ ഉയര്‍ത്തി. ചുള്ളിയാര്‍ ഡാമിന്റെ സ്ലൂയിസ് ഷട്ടര്‍ ഇന്ന് 10 മണിക്ക് ഉയര്‍ത്തും. ഗായത്രി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാണാസുര സാഗര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് കബനി നദിയില്‍ ജല നിരപ്പ് ഉയര്‍ന്നു.നിലവില്‍ വെള്ളപൊക്ക ഭീഷണിയില്ല.ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത് ആശ്വാസമായി.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.2540 അടിയ്ക്ക് മുകളിലേക്ക് ജലനിരപ്പെത്തി.ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും.സെക്കന്റില്‍ 17 ഘനമീറ്റര്‍ വെള്ളമാണ് തുറന്നു വിടുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60467/eranakulam)