---
title: "സപ്ലൈകോയുടെ  ഓണക്കിറ്റിൽ ഇക്കുറിയും കുടുംബശ്രീ ചിപ്‌സ് "
english_title: "Kudumbasree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60468/kudumbasree"
published_at: "2022-08-09T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1aa6723a8e_Screenshot_20220809-055435.png"
keywords: []
---

# സപ്ലൈകോയുടെ  ഓണക്കിറ്റിൽ ഇക്കുറിയും കുടുംബശ്രീ ചിപ്‌സ് 

> **Lead Summary:** **കൊച്ചി: **ഓണസദ്യ കൂടുതല്‍ കെങ്കേമമാക്കാന്‍ സപ്ളൈകോ കിറ്റുകളില്‍ കുടുംബശ്രീയുടെ ചിപ്‌സും ശര്‍ക്കരവരട്ടിയും ഇക്കുറിയുമുണ്ടാകും.

## Article Content

**കൊച്ചി: **ഓണസദ്യ കൂടുതല്‍ കെങ്കേമമാക്കാന്‍ സപ്ളൈകോ കിറ്റുകളില്‍ കുടുംബശ്രീയുടെ ചിപ്‌സും ശര്‍ക്കരവരട്ടിയും ഇക്കുറിയുമുണ്ടാകും.

ഇതിനായി 12.89 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീക്ക് ലഭിച്ചു. കുടുംബശ്രീയുടെ 307 സംരംഭക യൂണിറ്റുകളിലാണ് ഉത്പാദനം. കോഴിക്കോട്ടെയും മലപ്പുറത്തെയും സപ്ലൈകോ ഗോഡൗണുകളിലേക്ക് വിതരണവും ആരംഭിച്ചു. ഓണത്തിന് റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യകിറ്റിനൊപ്പമാണ് കുടുംബശ്രീ ഉത്‌പന്നങ്ങളുമുണ്ടാവുക.

> രണ്ടരലക്ഷത്തിലേറെയുള്ള കുടുംബശ്രീ വനിതാ കര്‍ഷകസംഘങ്ങളില്‍ (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ് ) നിന്നും പൊതുവിപണിയില്‍ നിന്നുമാണ് നേന്ത്രക്കായ സംഭരിക്കുന്നത്. 100 ഗ്രാം വീതമുള്ള 42.63 ലക്ഷം പായ്ക്കറ്റുകളാണ് സപ്ലൈകോയ്ക്ക് നല്‍കേണ്ടത്. ജി.എസ്.ടി ഉള്‍പ്പെടെ ഒരു പായ്ക്കറ്റിന് 30.24 രൂപ സപ്ലൈകോ നല്‍കും. ഇതില്‍ 27 രൂപ സംരംഭക യൂണിറ്റുകള്‍ക്കുള്ളതാണ്. ഈമാസം 20നകം കരാര്‍ പ്രകാരമുള്ള അളവില്‍ വിതരണം പൂര്‍ത്തിയാക്കും. നിലവിലെ സാഹചര്യം മുന്‍നിറുത്തി കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബശ്രീ മാര്‍ക്കറ്റിംഗ് വിഭാഗം അധികൃതര്‍ 'കേരളകൗമുദി"യോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ 41.17ലക്ഷം പായ്ക്കറ്റിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. അന്ന് 273 യൂണിറ്റുകളിലെ സംരംഭകര്‍ക്ക് 11.99 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60468/kudumbasree)