---
title: "മനുഷ്യമനസാക്ഷിയെ നടുക്കിയ കേസ്: 'സര്‍ക്കാരിന്‍റെ അലംഭാവം ഗുരുതരം': സുധാകരന്‍"
english_title: "Madhu case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60888/madhu-case"
published_at: "2022-08-11T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f44ae8c8565_Screenshot_20220811-054546.png"
keywords: []
---

# മനുഷ്യമനസാക്ഷിയെ നടുക്കിയ കേസ്: 'സര്‍ക്കാരിന്‍റെ അലംഭാവം ഗുരുതരം': സുധാകരന്‍

> **Lead Summary:** **തിരുവനന്തപുരം: **ആൾകൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ്. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്.

## Article Content

**തിരുവനന്തപുരം: **ആൾകൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ്. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്.

കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സർക്കാറിന്‍റെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാട്. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം നിഷ്‌ക്രിയമായ മൗനം തുടരുന്നത്   ജനാധിപത്യ കേരളത്തിന് തീരാകളങ്കവും നാണക്കേടുമാണ്.  ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമായിട്ടും അവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരം ഒരു സാഹചര്യത്തിന് കാരണം.

മനുഷ്യമനസാക്ഷിയെ നടുക്കിയ മധുവിന്‍റെ കൊലപാതകം നടന്നിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് ആ കുടുംബത്തോട് കാട്ടിയ കൊടിയ വഞ്ചനയും അനീതിയുമാണെന്നും എത്രയും വേഗം ആ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60888/madhu-case)