---
title: "വനവത്ക്കരണം സമരപ്രക്രിയയായി ഏറ്റെടുക്കണം: എ.കെ.ശശീന്ദ്രന്‍"
english_title: "afforestation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60890/afforestation"
published_at: "2022-08-11T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f451db78af0_Screenshot_20220811-060959.png"
keywords: []
---

# വനവത്ക്കരണം സമരപ്രക്രിയയായി ഏറ്റെടുക്കണം: എ.കെ.ശശീന്ദ്രന്‍

> **Lead Summary:** **തിരുവനന്തപുരം: **പ്രകൃതി ക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സമരപ്രക്രിയയായി ഏറ്റെടുക്കണമെന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.

## Article Content

**തിരുവനന്തപുരം: **പ്രകൃതി ക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സമരപ്രക്രിയയായി ഏറ്റെടുക്കണമെന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വനംവകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏഴു നഗര കേന്ദ്രീകൃത മേഖലകളില്‍ സ്മൃതി വനങ്ങള്‍ ഒരുക്കുന്നത് വലിയ ഗുണം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. ഓരോ ഇടങ്ങളിലും 75 വീതം വൃക്ഷത്തൈകള്‍ നട്ട് ഫലപ്രദമായ രീതിയില്‍ പരിപാലിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച രീതിയില്‍ വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വകുപ്പിന് സാധിക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം) പുകഴേന്തി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി.

പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് സ്പെഷ്യല്‍ ഓഫിസര്‍ പ്രകൃതി ശ്രീവാസ്തവ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പ്ലാനിങ് ആന്‍ഡ് ഡവലപ്‌മെന്റ്) ഡി ജയപ്രസാദ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറെസ്റ്റ് മാനേജ്മെന്റ്) നോയല്‍ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) ഇ. പ്രദീപ്കുമാര്‍, വകുപ്പ് ജോയിന്റ് സെക്രട്ടറി രാജേഷ് ജി.ആര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60890/afforestation)