---
title: "ഏഷ്യാ കപ്പ്: അവസാന നിമിഷ ട്വിസ്റ്റില്‍ ദീപക് ചാഹര്‍ പ്രധാന സ്‌ക്വാഡിലേക്ക്? സാധ്യതകള്‍ ഏറെ"
english_title: "Deepak chahar indian cricket team"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60942/deepak-chahar-indian-cricket-team"
published_at: "2022-08-11T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f49c854b38b_1660198001800.jpg"
keywords: []
---

# ഏഷ്യാ കപ്പ്: അവസാന നിമിഷ ട്വിസ്റ്റില്‍ ദീപക് ചാഹര്‍ പ്രധാന സ്‌ക്വാഡിലേക്ക്? സാധ്യതകള്‍ ഏറെ

> **Lead Summary:** മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് പേസര്‍മാരുടെ എണ്ണമായിരുന്നു. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ മാത്രമാണ് ഇന്ത്യയുടെ പ്രധാന സ്‌ക്വാഡില്‍ ഇടംപിടിച്ചത്.

## Article Content

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് പേസര്‍മാരുടെ എണ്ണമായിരുന്നു. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ മാത്രമാണ് ഇന്ത്യയുടെ പ്രധാന സ്‌ക്വാഡില്‍ ഇടംപിടിച്ചത്.

നാലാമനായി ദീപക് ചാഹറിന്‍റെ പേര് സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയിലാണുള്ളത്. പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്കിനാല്‍ മാറിനില്‍ക്കുമ്പോള്‍ ദീപക് ചാഹറിനെ മറികടന്ന് ആവേശ് ഖാനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ദീപക്കിനെ പ്രധാന സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തേണ്ടിവന്നേക്കാം ടീം ഇന്ത്യക്ക്. ഇതിന് നിരവധി കാരണങ്ങളുണ്ട്. 

മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമായാണ് ഇന്ത്യ ഏഷ്യാ കപ്പിന് യുഎഇയിലേക്ക് പോവുന്നത്. സ്‌ക്വാഡിലുള്ള ഭുവനേശ്വര്‍ കുമാര്‍ ഒഴികെയുള്ള അര്‍ഷ്‌ദീപ് സിംഗും ആവേശ് ഖാനും പരിചയസമ്പന്നരായ താരങ്ങളല്ല. രാജ്യാന്തര ടി20യില്‍ തുടക്കക്കാരനായ അര്‍ഷ്‌ദീപ് മികച്ച പ്രകടനം നടത്തുമ്പോഴും ഏറെ റണ്‍സ് വഴങ്ങുകയാണ് ആവേശ്. അതിനാല്‍തന്നെ പ്ലേയിംഗ് ഇലവനില്‍ ആവേശ് ഖാന്‍ ഇടംപിടിക്കാനുള്ള സാധ്യത കുറയുന്നു. അവസാന നിമിഷം ദീപക് ചാഹറിന് പ്രധാന സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ താരത്തിന്‍റെ പ്രകടനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60942/deepak-chahar-indian-cricket-team)