---
title: "വയനാട് ബൈസിക്കിൾ ചലഞ്ച് പ്രമോ വീഡിയോ പ്രകാശനം മന്ത്രി മുഹമ്മദ്‌ റിയാസ് നിർവഹിച്ചു "
english_title: "Muhammad riyasu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61679/muhammad-riyasu"
published_at: "2022-08-15T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9896c266bf_Screenshot_20220815-050920.png"
keywords: []
---

# വയനാട് ബൈസിക്കിൾ ചലഞ്ച് പ്രമോ വീഡിയോ പ്രകാശനം മന്ത്രി മുഹമ്മദ്‌ റിയാസ് നിർവഹിച്ചു 

> **Lead Summary:** **കല്‍പ്പറ്റ :** വയനാട് ബൈക്കേഴ്‌സ് ക്ലബ്ബും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഈ മാസം 21ന് സംഘടിപ്പിക്കുന്ന ബൈസൈക്കിള്‍ ചലഞ്ചിന്റെ പ്രമോ വീഡിയോ പ്രകാശനം ചെയ്തു. തിരുവമ്പാടിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ പ്രകാശനം ചെയ്തു.

## Article Content

**കല്‍പ്പറ്റ :** വയനാട് ബൈക്കേഴ്‌സ് ക്ലബ്ബും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഈ മാസം 21ന് സംഘടിപ്പിക്കുന്ന ബൈസൈക്കിള്‍ ചലഞ്ചിന്റെ പ്രമോ വീഡിയോ പ്രകാശനം ചെയ്തു. തിരുവമ്പാടിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ പ്രകാശനം ചെയ്തു.

ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ് ടി.ജി, അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബിനു കുര്യാക്കോസ്, പ്രോഗ്രാം കണ്‍വീനര്‍ സി.പി സുധീഷ്, ട്രഷറര്‍ അബ്ദുള്‍ ഹാരിഫ്, അനീസ് മാപ്പിള, ഷൈജല്‍ കുന്നത്ത് പങ്കെടുത്തു. വയനാട് പ്രസ് ക്ലബിന്റെ കൂടി സഹകരണത്തിലാണ് ബൈസൈക്കിള്‍ ചലഞ്ച് നടക്കുന്നത്. യു.എന്‍ പ്രഖ്യാപിച്ച അന്തര്‍ദ്ദേശീയ സുസ്ഥിര പര്‍വ്വത വികസന വര്‍ഷത്തോട് അനുബന്ധിച്ചാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ റൈഡേഴ്‌സ് പങ്കെടുക്കുന്ന മത്സരം വയനാട്ടില്‍ സംഘടിപ്പിക്കുന്നത്.

വയനാടിന്റെ കവാടമായ ലക്കിടിയില്‍ നിന്ന് സാഹസിക എക്കോ ടൂറിസം കേന്ദ്രമായ ചെമ്പ്ര മലനിരയിലേക്കാണ് ബൈസൈക്കിള്‍ ചലഞ്ച് നടക്കുക. മലയോര സൈക്കിള്‍ സവാരിയുടെ അനന്ത സാധ്യതതകളിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യവും ചലഞ്ചിനുണ്ട്. സാഹസികതയും പ്രകൃതി ഭംഗിയും ഒരുപോലെ ആസ്വദിക്കാവുന്ന പ്രദേശത്ത് നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്ന വിപുലമായ മത്സരമാണ് സംഘാടകര്‍ ലക്ഷ്യമാക്കുന്നത്. എം.ടി.ബി, റോഡ് സൈക്കിള്‍ വിഭാഗങ്ങളിലായും, വനിത, കുട്ടികള്‍ എന്നിവര്‍ക്കായും പ്രത്യേകം മത്സരങ്ങള്‍ നടക്കും. ജൂനിയര്‍ വിഭാഗത്തില്‍ 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കും സീനിയര്‍ വിഭാഗത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കുമാണ് മത്സരിക്കാന്‍ അവസരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 8075096313, 9744447044 നമ്പറുകളില്‍ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61679/muhammad-riyasu)