---
title: "ചിങ്ങപ്പുലരിയിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തയാറായി കൃഷിവകുപ്പ്"
english_title: "Agriculture department is ready to start new agricultural activities in Chingapulari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62055/agriculture-department-is-ready-to-start-new-agricultural-activities-in-chingapulari"
published_at: "2022-08-16T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb8051285d4_images_(12).jpeg"
keywords: []
---

# ചിങ്ങപ്പുലരിയിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തയാറായി കൃഷിവകുപ്പ്

> **Lead Summary:** **തിരുവനന്തപുരം** : ചിങ്ങപ്പുലരിയിൽ ഒരു ലക്ഷം കൃഷിയിടങ്ങളിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തയാറായി കൃഷിവകുപ്പ്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലും 6 കൃഷിയിടങ്ങൾ വീതം പുതുതായി കണ്ടെത്തി കൃഷി ഇറക്കാനാണ് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം** : ചിങ്ങപ്പുലരിയിൽ ഒരു ലക്ഷം കൃഷിയിടങ്ങളിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തയാറായി കൃഷിവകുപ്പ്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലും 6 കൃഷിയിടങ്ങൾ വീതം പുതുതായി കണ്ടെത്തി കൃഷി ഇറക്കാനാണ് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

പുതുതായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഫോട്ടോ/വീഡിയോ എന്നിവ കൃഷിഭവൻ മുഖാന്തിരം ശേഖരിച്ച് സംസ്ഥാന തലത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോക്ക്‌ അന്നേ ദിവസം തന്നെ നൽകും. മികച്ച ഫോട്ടോ/ വീഡിയോ എന്നിവയ്ക്ക് സമ്മാനവും കൃഷിവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷിയിടത്തിലെ ഫോട്ടോ/വീഡിയോ എന്നിവ ചിങ്ങം 1ന് ഉച്ചയ്ക്ക് 12നു മുമ്പ് ശേഖരിച്ച് സംസ്ഥാന തലത്തിൽ അയയ്ക്കാനാണ് കൃഷി ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്. എല്ലായിടത്തും കൃഷി നടത്തുന്നു എന്നുള്ളത് ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനമെന്നും ഡയറക്ടർ അറിയിച്ചു.

പുതുതായി ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷി ആരംഭിക്കുന്നു എന്നതാണ് ഇത്തവണത്തെ കർഷക ദിനാഘോഷങ്ങളുടെ പ്രത്യേകതയെന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.

ചിങ്ങപ്പുലരിയിൽ ഓരോ വാർഡുകളിലും നടക്കുന്ന പുതു കാർഷിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡിലെ പ്രമുഖവ്യക്തികൾ /കർഷകർ അല്ലെങ്കിൽ വാർഡ് മെംബർ നിർവഹിക്കും. ശേഖരിക്കുന്ന ഫോട്ടോ/വിഡിയോകളിൽ നിന്നും ഏറ്റവും മികച്ച കൃഷി നടത്തുന്ന കൃഷിയിടങ്ങൾ കണ്ടെത്തുകയും അവയ്ക്ക് ജില്ലാ തലത്തിൽ കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയിൽ വച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്യുമെന്നും ഡയറക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62055/agriculture-department-is-ready-to-start-new-agricultural-activities-in-chingapulari)