---
title: "മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ 'വാഹന്‍' സംവിധാനം പാളുന്നു"
english_title: "Department of Motor Vehicles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62155/department-of-motor-vehicles"
published_at: "2022-08-17T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc5171dd5c3_images_(5).jpeg"
keywords: []
---

# മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ 'വാഹന്‍' സംവിധാനം പാളുന്നു

> **Lead Summary:** വാഹനസംബന്ധമായ സേവനങ്ങൾ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ 'വാഹൻ' സംവിധാനം പാളുന്നു. തുടർച്ചയായി ഉണ്ടാകുന്ന പാളിച്ചകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും സോഫ്റ്റ്വെയർ ചെയ്ത നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെയും പഴിചാരി മോട്ടോർ വാഹനവകുപ്പ് കൈയൊഴിയുകയാണ്.

## Article Content

വാഹനസംബന്ധമായ സേവനങ്ങൾ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ 'വാഹൻ' സംവിധാനം പാളുന്നു. തുടർച്ചയായി ഉണ്ടാകുന്ന പാളിച്ചകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും സോഫ്റ്റ്വെയർ ചെയ്ത നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെയും പഴിചാരി മോട്ടോർ വാഹനവകുപ്പ് കൈയൊഴിയുകയാണ്.

ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾക്കുള്ള 'സാരഥി' സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴും രണ്ടു വർഷം കഴിഞ്ഞിട്ടും 'വാഹനിലെ' പാകപ്പിഴകൾ പരിഹരിക്കാൻ മോട്ടോർ വാഹനവകുപ്പിന് കഴിയുന്നില്ല. ഫീസ്, പിഴ എന്നിവ കണക്കാക്കുന്നതുപോലും തെറ്റുന്നു. അപേക്ഷകളിൽ പിഴവ് സംഭവിക്കുന്നതും തുടർച്ചയാണ്. ഓരോ പരാതികൾ ഉയരുമ്പോഴും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ഗതാഗത കമ്മിഷണറേറ്റിന്റെ മറുപടി.

പരിഷ്കരണത്തിനനുസരിച്ച് ഇടപാടുകൾ സുരക്ഷിതമല്ലാതായും മാറി. ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള ഒറ്റത്തവണ പാസ്വേഡ് ലഭിക്കേണ്ട മൊബൈൽ നമ്പർവരെ മാറ്റാനാകും. ഉടമയറിയാതെ ഉടമസ്ഥാവകാശം മാറ്റപ്പെടും. പൂർണമായും ഓൺലൈനാക്കുന്നതിന് ഏർപ്പെടുത്തിയ ആധാർ അധിഷ്ഠിത സംവിധാനം അപേക്ഷയിലെ സങ്കീർണതമൂലം ജനകീയമായില്ല. ഇതേക്കുറിച്ചുയർന്ന പരാതികൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. ഏഴു സേവനങ്ങൾ പൂർണമായും ഓൺലൈനാക്കിയെങ്കിലും (ഫേസ്ലെസ്) അവയും പരാജയപ്പെട്ടു. മുൻഗണനാക്രമം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത്തരം അപേക്ഷകൾ കാരണമില്ലാതെ വൈകും. ഇടനിലക്കാരുടെ സാധ്യത ഇല്ലാതാക്കുന്ന സംവിധാനത്തോട് ഉദ്യോഗസ്ഥരിലും എതിർപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62155/department-of-motor-vehicles)