---
title: "മട്ടന്നൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പ്; എൽഡിഎഫ് നേതാക്കൾ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചു "
english_title: "Mattannur Municipal Election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62208/mattannur-municipal-election"
published_at: "2022-08-17T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc890e67e4b_Picsart_22-08-17_11-18-28-482.jpg"
keywords: []
---

# മട്ടന്നൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പ്; എൽഡിഎഫ് നേതാക്കൾ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചു 

> **Lead Summary:** മട്ടന്നൂർ: എൽഡിഎഫ് നേതാക്കൾ ഔദ്യോഗിക വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ചട്ടലംഘനവും അട്ടിമറിശ്രമവും നടത്തുകയാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് പ്രസിദ്ധീകരണങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതിനെതിരെ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.

## Article Content

മട്ടന്നൂർ: എൽഡിഎഫ് നേതാക്കൾ ഔദ്യോഗിക വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ചട്ടലംഘനവും അട്ടിമറിശ്രമവും നടത്തുകയാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് പ്രസിദ്ധീകരണങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതിനെതിരെ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.

മറ്റു പഞ്ചായത്തുകളിലെ വോട്ടർമാരെ നഗരസഭാ തെരഞ്ഞെടുപ്പിൽ പുതിയ വോട്ടർമാരാക്കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ രേഖകൾ സഹിതം പരാതി നൽകിയിട്ടുണ്ട്. അത്തരം ആളുകൾ വോട്ട് ചെയ്താൽ നിയമനടപടിയുമായി യു.ഡി.എഫ് മുന്നോട്ട് പോകും. നഗരസഭയിൽ തന്നെ രണ്ട് വാർഡുകളിൽ വോട്ടുള്ള പലരെയും നീക്കം ചെയ്തിട്ടുമില്ല. എസ്. സി. എസ്. ടി. ക്കാർക്ക് സാംസ്കാരിക നിലയം നിർമിക്കാൻ ചട്ടങ്ങൾ മറികടന്ന് സ്ഥലം എടുത്തതിൽ നിയമക്കുരുക്കിലായ നഗരസഭ അഴിമതിയാണ് നടത്തിയത്.

റിംഗ് കമ്പോസ്റ്റിന് ഓരോ വാർഡുകളിലെ കുടുംബങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം ധൂർത്തടിച്ച നഗരസഭാ ഭരണക്കാർ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ചട്ടവിരുദ്ധമായി കുടുംബശ്രീക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും യോഗം പാർട്ടി ഓഫീസുകളിലുൾപ്പെടെ വിളിച്ച് ചേർത്ത് വാഗ്ദാനങ്ങൾ നൽകുകയും വോട്ടിന് നിർബന്ധിക്കുകയും ചെയ്യുന്നു.

വികസന മുരടിപ്പിൻ്റെ 25 വർഷം ചർച്ചയായപ്പോൾ ഹാലിളകിയ അവസ്ഥയിലാണ് ഇടതു മുന്നണിയെന്നും പ്രചരണ രംഗത്ത് ഇതെല്ലാം ജനങ്ങളോട് സംവദിച്ച് ഇത്തവണ യു.ഡി.എഫ് നഗരസഭ ഭരിക്കുമെന്നും യു.ഡി.എഫ്. നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ രാജീവൻ എളയാവൂർ, ചെയർമാൻ ഇ.പി.ഷംസുദ്ദീൻ, വി.മോഹനൻ, എം.കെ.കുഞ്ഞിക്കണ്ണൻ, എം.സി. കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62208/mattannur-municipal-election)