---
title: "കർഷക ദിനം ആഹ്ളാദത്തിൻ്റേതാക്കി കേളകം കൃഷി ഓഫീസർ "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62312/kelakam"
published_at: "2022-08-17T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fce1fe6d128_PicsArt_08-17-06.10.38.jpg"
keywords: []
---

# കർഷക ദിനം ആഹ്ളാദത്തിൻ്റേതാക്കി കേളകം കൃഷി ഓഫീസർ 

> **Lead Summary:** കർഷക ദിനത്തിൽ കേളകത്തെ കർഷകർക്ക് സമ്മാനമായി ലഭിച്ചത് കോഴികളും ,ആടും, പശുക്കിടാവും കർഷക ദിനം ആഹ്ളാദത്തിൻ്റേതാക്കി കേളകം കൃഷി ഓഫീസർ.കേളകം ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവൻ്റെ നേതൃത്യത്തിൽ ദേശസാൽ കൃത ബാങ്കുകളുടെയും, ക്ഷീര സംഘങ്ങളുടെയും സഹകരണത്തോടെ നടത്തിയ കർഷക ദിനം കേളകം പഞ്ചായത്തിലെ കർഷക മനസ്സുകളെ ആഹ്ളാദത്തേരിലേറ്റിയ ദിനമായി.

## Article Content

കർഷക ദിനത്തിൽ കേളകത്തെ കർഷകർക്ക് സമ്മാനമായി ലഭിച്ചത് കോഴികളും ,ആടും, പശുക്കിടാവും കർഷക ദിനം ആഹ്ളാദത്തിൻ്റേതാക്കി കേളകം കൃഷി ഓഫീസർ.കേളകം ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവൻ്റെ നേതൃത്യത്തിൽ ദേശസാൽ കൃത ബാങ്കുകളുടെയും, ക്ഷീര സംഘങ്ങളുടെയും സഹകരണത്തോടെ നടത്തിയ കർഷക ദിനം കേളകം പഞ്ചായത്തിലെ കർഷക മനസ്സുകളെ ആഹ്ളാദത്തേരിലേറ്റിയ ദിനമായി.

മുൻ കാലങ്ങളിൽ നാമമാത്രമായ ആളുകൾ പങ്കെടുത്ത് ചടങ്ങുകളിലൊതുങ്ങി പിരിഞ്ഞെങ്കിൽ ഇന്ന് ഐശ്വര്യ ഓഡിറ്റോറിയത്തിൽ കർഷക ദിനാചരണ പരിപാടിക്ക് ഒഴുകിയെത്തിയത് നാനൂറിലേറെ കർഷകർ. പൊതുചടങ്ങുകൾക്ക് പുറമെ കലാ പരിപാടികളും, കൂടാതെ ഇരുനൂറോളം കർഷകർക്ക് അവരിഷ്ടപ്പെട്ട സമ്മാനങ്ങളും കരസ്ഥമാക്കാനായി.

കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ നേതൃത്യത്തിലുള്ള ജനപ്രതിനിധികൾ, ജനസമ്മതരായ പൊതുപ്രവർത്തകർ, വൈദഗ്ദ്യം തെളിയിച്ച കർഷക പ്രതിനിധികളെ ഉൾപ്പെടുത്തിയ സംഘാടക സമിതി എന്നിവരെ ചേർത്ത് പിടിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് ധനസമാഹരണം നടത്തി അതിവിപുലമായ കർഷക സംഗമം കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ നടത്തി കർഷകർക്ക് ആഹ്ളാദ പ്പൂമഴ വർഷിപ്പിച്ചത്.

കർഷക ദിനത്തിനെത്തിയവർക്ക് വിതരണം നടത്തിയ 375 കൂപ്പണുകളിൽ നിന്ന് ഞറുക്കിടുകയും, ഞറുക്ക് നേടിയവർ നറുക്കെടുത്ത് അവരവർക്കുള്ള സമ്മാനങ്ങൾ തിരഞ്ഞെടുക്കുകയും ആയിരുന്നു. അതിനാൽ തന്നെ ഈ പരിപാടി മലയോര കർഷകർക്ക് നവ്യാനുഭവവും ആവേശകരവും ഹൃദിഷ്ടവുമായി. നഴ്സറികളിൽ നിന്നെത്തിച്ച വൃക്ഷതൈകൾ, കാർഷിക, ഗാർഹിക ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വാഴക്കുലകൾ കൂടാതെ മുയൽ, കോഴി, കരിങ്കോഴി, താറാവ് ഇനങ്ങൾ തുടങ്ങി ഞറുക്കെടുപ്പിൽ ഒന്നാം സ്ഥാനക്കാർക്ക് പശുക്കിടാവിനെയും, രണ്ടാം സ്ഥാനത്തിന് ആട്ടിൻ കുട്ടിയെയും സമ്മാനിച്ചപ്പോൾ കൃഷി ഭവനും ,കൃഷി ഓഫീസറും, കർഷക ദിനവും കേളകത്തിൻ്റെ നെഞ്ചകത്തായി. പരിപാടികൾ കഴിഞ്ഞ് വിഭവസമൃദ്ധമായ ഭക്ഷണവും നൽകിയാണ് കേളകത്തെ കർഷക ദിനാചരണ പരിപാടി സമാപിച്ചത്. ജില്ലയിൽ മാത്രമല്ല സംസ്ഥാനത്ത് ഇത്തരത്തിലുള്ള കർഷക ദിനാചരണ പരിപാടി ആദ്യ അനുഭവമാണെന്നും ഉൽസവ പ്രതീതിയിലുള്ള കർഷക പങ്കാളിത്തം കൂടുതൽ പേർ കൃഷിയെ സ്നേഹിക്കുന്നതിൻ്റെ തെളിവാണെന്നും പരിപാടിയിൽ പങ്കെടുത്ത കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പറഞ്ഞു. കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ കേളകത്തെ കർഷകരുടെ ആത്മമിത്രം കൂടിയാണ് .

ഓഫീസിലെ നാല് ചുമരുകൾക്കിടെയിരുന്നല്ല കേളകം കൃഷി ഓഫീസറുടെ ഔദ്യോഗിക ജീവിതം. പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളും, അവരുടെ പ്രശ്ന പരിഹാരവുമാണ് ലക്ഷ്യം. മാനന്തവാടി സ്വദേശിയായ കെ.ജി ,സുനിൽ യഥാർഥ കർഷകൻ കൂടിയാണ്.കർഷകരുമായി സംവദിക്കാൻ അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ നിരവധി വാർട്ട് സാപ്പ് ഗ്രൂപ്പുകളുണ്ട്. കാർഷിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും.ജനകീയ ഇടപെടലിലൂടെ ജനമനസ്സുകൾ കീഴടക്കുകയാണ് കെ.ജി.സുനിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62312/kelakam)