---
title: "ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങി: ഡോക്ടര്‍ വിജിലൻസിൻ്റെ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63467/arrested"
published_at: "2022-08-23T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630417a2f36bc_Screenshot_20220823-052341.png"
keywords: []
---

# ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങി: ഡോക്ടര്‍ വിജിലൻസിൻ്റെ പിടിയിൽ

> **Lead Summary:** **കോട്ടയം: **കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ . ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്.

## Article Content

**കോട്ടയം: **കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ . ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്.

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ എം.എസ്.സുജിത് കുമാറാണ് വിജിലൻസിൻ്റെ പിടിയിലായത്. മുണ്ടക്കയം സ്വദേശിയായ രോഗിയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്താനാണ് സുജിത് കുമാർ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി ഈ മാസം പതിനഞ്ചിന് രണ്ടായിരം രൂപ വാങ്ങി. തുടർന്ന് പതിനെട്ടാം തീയതി ശസ്ത്രക്രിയ നടത്തി.

പിന്നീട് ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് രോഗിയുടെ ബന്ധുക്കൾ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നിർദ്ദേശപ്രകാരം രോഗിയുടെ മകൻ ഇന്ന് വൈകുന്നേരം അഞ്ചരയോടെ ബാക്കി നൽകാനുള്ള മൂവായിരം രൂപയുമായി ഡോക്ടർ സുജിത് കുമാറിന്റെ വീട്ടിലെത്തി.

ഡോക്ടർ കൈക്കൂലി വാങ്ങുമ്പോൾ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.കോട്ടയം വിജിലൻസ് എസ്.പി പി.ജി. വിനോദ് കുമാറിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് റേഞ്ച് ഡി.വൈ.എസ്.പി പി.വി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്  ഡോക്ടറെ കുടുക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63467/arrested)