---
title: "പേരാവൂര്‍ മണ്ഡലത്തിലെ റോഡുകൾ ബിഎം & ബിസി നിലവാരത്തിലേക്ക് ഉയർത്തും: പൊതുമരാമത്ത് മന്ത്രി"
english_title: "Minister of Public Works"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63854/minister-of-public-works"
published_at: "2022-08-24T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306121f01fd3_Screenshot_20220824-172031.png"
keywords: []
---

# പേരാവൂര്‍ മണ്ഡലത്തിലെ റോഡുകൾ ബിഎം & ബിസി നിലവാരത്തിലേക്ക് ഉയർത്തും: പൊതുമരാമത്ത് മന്ത്രി

> **Lead Summary:**  **പേരാവൂർ: ** മലയോര മേഖല എന്ന നിലയില്‍ കാലവര്‍ഷക്കെടുതി ശക്തമായ പേരാവൂര്‍ മണ്ഡലത്തിലെ പരമാവധി റോഡുകള്‍ ബിഎം & ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോൾ പേരാവൂര്‍ മണ്ഡലത്തിലെ പ്രവൃത്തികളും ഉള്‍പ്പെടുത്തുന്നതു പരിശോധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് നിയമസഭയില്‍ പറഞ്ഞു.സണ്ണി ജോസഫ്‌ എം എല്‍ എയുടെ സബ്മിഷന് മറുപടി നല്‍ക്കുകയായിരുന്നു അദ്ദേഹം.

## Article Content

 **പേരാവൂർ: ** മലയോര മേഖല എന്ന നിലയില്‍ കാലവര്‍ഷക്കെടുതി ശക്തമായ പേരാവൂര്‍ മണ്ഡലത്തിലെ പരമാവധി റോഡുകള്‍ ബിഎം & ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോൾ പേരാവൂര്‍ മണ്ഡലത്തിലെ പ്രവൃത്തികളും ഉള്‍പ്പെടുത്തുന്നതു പരിശോധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് നിയമസഭയില്‍ പറഞ്ഞു.സണ്ണി ജോസഫ്‌ എം എല്‍ എയുടെ സബ്മിഷന് മറുപടി നല്‍ക്കുകയായിരുന്നു അദ്ദേഹം.

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ പകുതിയിലധികം തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണന്നും തകര്‍ന്ന റോഡുകള്‍ നവീകരിക്കാന്‍ നിയോജകമണ്ഡലത്തിന്റെ വിസ്തൃതി, റോഡുകളുടെ ദൈര്‍ഘ്യം തുടങ്ങി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഫണ്ട്‌ അനുവദിക്കണമെന്നും, താലുക്ക് ആസ്ഥാനത്തേയ്ക്കുള്ള പ്രധാനപ്പെട്ട റോഡുകള്‍ ഏതെങ്കിലും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് മുന്‍ഗണന ക്രമത്തില്‍ നവികരിക്കാനും മറ്റു റോഡുകള്‍ പണ ലബ്ധിയ്ക്കനുസരിച്ച് നവികരിക്കാനും ആവശ്യമായിട്ടുള്ള നിലപാടുകള്‍ ഉണ്ടാകണമെന്ന് പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ്‌ നിയമസഭ വേളയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ റോഡ്സിനു കീഴില്‍ ആകെ 344.193 കി.മീ റോഡാണ് ഉള്ളത്.

നിലവില്‍ 3 ബജറ്റ് പ്രവൃത്തികളിലായി 9 കോടി രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20.57 കോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ ഉള്‍പ്പെട്ടിരുന്ന 3 കോടി രൂപയുടെ റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. അതിന്റെ സാങ്കേതികാനുമതിക്കുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. വേഗത്തില്‍ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം . പ്രധാനമായും 3 കിഫ്ബി പദ്ധതികളാണ് മണ്ഡലത്തില്‍ ഉള്ളത്. ഹില്‍ ഹൈവേയില്‍ ഉള്‍പ്പെട്ട വള്ളി ത്തോട്-അമ്പായത്തോട്, അമ്പായത്തോട്-ബോയ്സ് ടൗണ്‍ എന്നീ റോഡുകള്‍ കിഫ്ബി ഗതാഗതയോഗ്യ മാക്കിയിട്ടുണ്ട്.മറ്റ് റോഡുകളും ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി  കെആർഎഫ് ബി പി എം യു ൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ഡലത്തിലെ റോഡ് ദൈര്‍ഘ്യത്തിനനുസരിച്ച് റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 192.51 കി .മീ റോഡ് റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് രണ്ട് കോടിയോളം രൂപയാണ് (1.92 കോ ടി ) മണ്ഡലത്തില്‍ ചെലവഴിക്കുന്നത്. പ്രീ മണ്‍സൂണ്‍ പ്രവൃത്തികളും നടക്കുന്നുണ്ട് എന്നും മന്ത്രി മറുപടിയായി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63854/minister-of-public-works)