---
title: "ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല ധർണ നടത്തി"
english_title: "Kannur University held dharna as part of Higher Education Protection Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65330/kannur-university-held-dharna-as-part-of-higher-education-protection-day"
published_at: "2022-08-31T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f08aa8a617_Picsart_22-08-31_12-36-50-153.jpg"
keywords: []
---

# ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല ധർണ നടത്തി

> **Lead Summary:** കണ്ണൂർ: സ്വജനപക്ഷപാതം, ബന്ധുനിയമനം, ചട്ടലംഘനം, അധികാരദുർവിനിയോഗം,ഏകാധിപത്യം എന്നിവയ്ക്കെതിരെ കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി, ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല ധർണ നടത്തി കണ്ണൂർ വൈസ് ചാൻസലർ കഴിഞ്ഞ ഒന്നര വർഷങ്ങളായി നടത്തിവന്ന ക്രമവിരുദ്ധമായ 11 വിഷയങ്ങൾ ചർച്ചയായി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: സ്വജനപക്ഷപാതം, ബന്ധുനിയമനം, ചട്ടലംഘനം, അധികാരദുർവിനിയോഗം,ഏകാധിപത്യം എന്നിവയ്ക്കെതിരെ കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി, ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല ധർണ നടത്തി കണ്ണൂർ വൈസ് ചാൻസലർ കഴിഞ്ഞ ഒന്നര വർഷങ്ങളായി നടത്തിവന്ന ക്രമവിരുദ്ധമായ 11 വിഷയങ്ങൾ ചർച്ചയായി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

ചട്ടവിരുദ്ധവും, ക്രമ വിരുദ്ധവുമായ നടപടികളിലൂടെ ഇഷ്ടക്കാരെ സർവ്വകലാശാലാ ക്യാമ്പസിൽ തിരുകിക്കയറ്റുന്ന വൈസ് ചാൻസലർ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം ആണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രിയാ വർഗീസിന്റെ അഭിമുഖം നടത്തുവാൻ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ പ്രൊഫസറായിരുന്ന ജാമിയ മിലിയ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസർ സിമി മൽഹോത്ര അഭിമുഖ ബോർഡ് അംഗമായി എത്തിയതിൽ ദുരൂഹതയുണ്ട് എന്ന് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ടി മുഹമ്മദലി അറിയിച്ചു.

പ്രിയ വർഗീസിനെ സംരക്ഷിക്കുവാൻ അഭിമുഖ പാനലിൽ വരെ ഇഷ്ടക്കാരെ നുഴഞ്ഞുകയറ്റി വൈസ് ചാൻസലർ എല്ലാ സംവിധാനവും ഉപയോഗിച്ചു എന്നതിന് തെളിവാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു. പി എച്ച് ഡി നേടിയതിനുശേഷം ഗവേഷണമൊന്നും ചെയ്യാത്ത പ്രിയ വർഗീസിന് എങ്ങനെയാണ് സ്കോർ കണക്കാക്കിയത് എന്നതും ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു.

അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ തിരുകിക്കയറ്റി പഠന ബോർഡുകൾ രൂപീകരിച്ചത്, പ്രിയ വർഗീസ് നിയമനം, ചട്ട വിരുദ്ധമായ വൈസ് ചാൻസലർ പുനർനിയമനം, ചോദ്യപേപ്പർ കോപ്പിയടി, സിലബസ് കോപ്പിയടി,എം എസ് സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി -ലൈബ്രറി സയൻസ് തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ അപാകതകൾ, ചട്ടവിരുദ്ധമായി കോളേജിന് അംഗീകാരം നൽകിയത്, രജിസ്ട്രാർ ഇൻ ചാർജിന് അനധികൃതമായി പ്രൊഫസർ പദവി നൽകിയത്, വർഷങ്ങളോളം ഇൻചാർജ് ഭരണത്തിലൂടെ സർവകലാശാലയിൽ സ്വന്തം താല്പര്യങ്ങൾ അടിച്ചേൽപ്പിച്ചത്, രജിസ്ട്രാർ നിയമനത്തിനുള്ള പരസ്യത്തിൽ ഉള്ള അപാകതകൾ, അധ്യാപകരുടെ രാഷ്ട്രീയം നോക്കി അംഗീകാരം തടയുന്ന നടപടികൾ തുടങ്ങിയ വിഷയങ്ങളെല്ലാം ചർച്ചയായി.

ഡോ. ഷിനോ പി ജോസ് അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ പ്രേമചന്ദ്രൻ കീഴോത്ത്, സംസ്ഥാന സെക്രട്ടറി റോണി ജോർജ്, ജയൻ ചാലിൽ, ഷാജി കരിപ്പത്ത്, എസ് എം ഷാനവാസ്, പി മുഹമ്മദ് ഷമ്മാസ്,ഡോ പി പ്രജിത, ഡോ വി പ്രകാശ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65330/kannur-university-held-dharna-as-part-of-higher-education-protection-day)