---
title: "കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ  ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു"
english_title: "Kozhikodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65642/kozhikodu"
published_at: "2022-09-01T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310939db2f56_images_(1).jpeg"
keywords: []
---

# കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ  ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എന്നാല്‍ കെട്ടിടാനുമതിക്കുപയോഗിക്കുന്ന ആപ്ലിക്കേഷനിലെ പിഴവ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല.

## Article Content

**കോഴിക്കോട് : **കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എന്നാല്‍ കെട്ടിടാനുമതിക്കുപയോഗിക്കുന്ന ആപ്ലിക്കേഷനിലെ പിഴവ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല.

കോഴിക്കോട് കോര്‍പ്പറേഷന്റെ ബേപ്പൂര്‍ സോണല്‍ ഓഫിസ് സൂപ്രണ്ട് കെ.കെ.സുരേഷ്, റവന്യൂ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി, റവന്യൂ ഇന്‍സ്പെക്ടര്‍ മുസ്തഫ, എലത്തൂര്‍ സോണല്‍ ഓഫിസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ പ്രീത എന്നിവരെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച്‌ സ്ഥലം മാറ്റി നിയമിച്ചത്.

കെട്ടിടാനുമതിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന സഞ്ജയ ആപ്ലിക്കേഷനിലെ പിഴവുപയോഗിച്ചായിരുന്നു ക്രമക്കേട് നടത്തിയത്. എന്നാല്‍ സഞ്ജയയിലെ പിഴവ് ആദ്യം കണ്ടെത്തി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയ റവന്യൂ ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. ആപ്ലിക്കേഷനില്‍ പിഴവുണ്ടെന്ന് ശ്രീനിവാസന്‍ കഴിഞ്ഞവര്‍ഷമവസാനം തന്നെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. ഓഫിസ് സമയം കഴിഞ്ഞും തന്റെ വിവരങ്ങള്‍ ഉപയോഗിച്ച്‌ കൃത്രിമം നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ശ്രീനിവാസന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ലാപ് ടോപ് വിവരങ്ങള്‍, ഡിജിറ്റല്‍ സിഗ്നേച‍ര്‍ നല്‍കിയതിന്റെ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനാലാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. നാലുദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഇവര്‍ക്കെതിരെയുളള അന്വേഷണം തുടരുമെന്നും ഉത്തരവിലുണ്ട്. തുടക്കത്തില്‍ ഫറോക് അസി. കമ്മീഷണര്‍ അന്വേഷിച്ച കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. കോര്‍പ്പറേഷനിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പടെ ഏഴ്പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65642/kozhikodu)