---
title: "അപ്രതീക്ഷിതം: സഭാനാഥനാകാന്‍ എ.എന്‍. ഷംസീര്‍"
english_title: "A.N.  Shamsir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65884/an-shamsir"
published_at: "2022-09-02T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311ff7910c89_IMG-20220902-WA0145.jpg"
keywords: []
---

# അപ്രതീക്ഷിതം: സഭാനാഥനാകാന്‍ എ.എന്‍. ഷംസീര്‍

> **Lead Summary:** മന്ത്രിയായിരുന്ന എംവി ഗോവിന്ദൻ രാജിവെക്കുമെന്നുറപ്പായതോടെ പകരം മന്ത്രിയാര് എന്ന ചോദ്യം കുറച്ചുദിവസമായി രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. എംബി രാജേഷിന്‍റെയും എഎന്‍ ഷംസീറിന്‍റെയും പേര് മുന്നിലുണ്ടായിരുന്നെങ്കിലും സ്പീക്കറുടെ സ്ഥാനത്തേക്ക് ഷംസീറിനെ പരിഗണിച്ച തീരുമാനം അപ്രതീക്ഷിതമായി.

## Article Content

മന്ത്രിയായിരുന്ന എംവി ഗോവിന്ദൻ രാജിവെക്കുമെന്നുറപ്പായതോടെ പകരം മന്ത്രിയാര് എന്ന ചോദ്യം കുറച്ചുദിവസമായി രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. എംബി രാജേഷിന്‍റെയും എഎന്‍ ഷംസീറിന്‍റെയും പേര് മുന്നിലുണ്ടായിരുന്നെങ്കിലും സ്പീക്കറുടെ സ്ഥാനത്തേക്ക് ഷംസീറിനെ പരിഗണിച്ച തീരുമാനം അപ്രതീക്ഷിതമായി.

എംവി ഗോവിന്ദന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്നൊരു നേതാവ് മന്ത്രിസ്ഥാനത്തേക്ക് വരുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വരുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഷംസീര്‍ എംഎല്‍എയാകുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, എംപിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എംബി രാജേഷിനെയും പാര്‍ട്ടിക്ക് അവഗണിക്കാനാകുമായിരുന്നില്ല.

നേരത്തെ എംബി രാജേഷിനെ സ്പീക്കറാക്കി ഒതുക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്തായാലും ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ് പാര്‍ട്ടി ഷംസീറിന് നല്‍കിയിരിക്കുന്നത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് പടിപടിയായി വളര്‍ന്നു. എൽഎൽഎം ബിരുദധാരിയാണ്. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാനും എ എൻ സെറീനയുമാണ് മാതാപിതാക്കള്‍. ഡോ. പി.എം. സഹലയാണ് ഭാര്യ.  മകൻ: ഇസാൻ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65884/an-shamsir)