---
title: "നായകളുടെ വന്ധ്യംകരണം: കർമപദ്ധതി ഉത്തരവിറക്കാതെ സർക്കാർ"
english_title: "Sarkkar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66449/sarkkar"
published_at: "2022-09-06T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63168be50b883_Screenshot_20220906-052032.png"
keywords: []
---

# നായകളുടെ വന്ധ്യംകരണം: കർമപദ്ധതി ഉത്തരവിറക്കാതെ സർക്കാർ

> **Lead Summary:** **തിരുവനന്തപുരം** : നായ്ക്കൾക്ക് വാക്സിനേഷനടക്കം പേവിഷ ബാധ നിയന്ത്രിക്കാൻ 11 ദിവസം മുൻപ് കർമ പദ്ധതി പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കുന്നതിൽപ്പോലും ആശയക്കുഴപ്പം തീരാതെ സർക്കാർ. തദ്ദേശ-ആരോഗ്യ-മൃഗ സംരക്ഷണ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച കർമ്മ പദ്ധതി തദ്ദശ വകുപ്പിലെ മന്ത്രി മാറ്റം കാരണം വൈകുകയാണെന്നാണ് വിശദീകരണം. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി തന്നെ നിയമക്കുരുക്കിൽപ്പെട്ടതോടെ കഴിഞ്ഞ ഒന്നര വർഷമായി തെരുവുനായ വന്ധ്യംകരണം പാളിയ നിലയിലാണ്.

## Article Content

**തിരുവനന്തപുരം** : നായ്ക്കൾക്ക് വാക്സിനേഷനടക്കം പേവിഷ ബാധ നിയന്ത്രിക്കാൻ 11 ദിവസം മുൻപ് കർമ പദ്ധതി പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കുന്നതിൽപ്പോലും ആശയക്കുഴപ്പം തീരാതെ സർക്കാർ. തദ്ദേശ-ആരോഗ്യ-മൃഗ സംരക്ഷണ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച കർമ്മ പദ്ധതി തദ്ദശ വകുപ്പിലെ മന്ത്രി മാറ്റം കാരണം വൈകുകയാണെന്നാണ് വിശദീകരണം. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി തന്നെ നിയമക്കുരുക്കിൽപ്പെട്ടതോടെ കഴിഞ്ഞ ഒന്നര വർഷമായി തെരുവുനായ വന്ധ്യംകരണം പാളിയ നിലയിലാണ്.

കഴിഞ്ഞ 25നാണ് തദ്ദേശ-ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ ഉന്നതതല യോഗം ചേർന്ന് പേവിഷ ബാധ നിയന്ത്രിക്കാൻ രണ്ടാംഘട്ട കർമ പദ്ധതി പ്രഖ്യാപിച്ചത്. തെരുവുനായ്ക്കളുടെ വ്യാപക വന്ധ്യംകരണം, വ്യാപക വാക്സിനേഷൻ, ഓരോ ബ്ലോക്കിലും വന്ധ്യംകരണ കേന്ദ്രങ്ങൾ, ബോധവൽക്കരണം, നിർബന്ധിത ലൈസൻസ്, രജിസ്ട്രേഷൻ അങ്ങനെ 3 വകുപ്പുകൾ ഒന്നിച്ച് കാടിളക്കിയുള്ള നടപടി. 11 ദിവസം കഴിഞ്ഞു.

തദ്ദേശവകുപ്പിലെ മന്ത്രി മാറ്റത്തോടെ ഉത്തരവ് അനിശ്ചിതത്വത്തിലായെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. അപ്പോൾ ഇനി പുതിയ തദ്ദേശവകുപ്പ് മന്ത്രിയെത്തി ഉത്തരവിറങ്ങുന്നത് വരെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ ഇങ്ങനെയൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. കർമ്മപദ്ധതി പ്രകാരം 152 ബ്ലോക്കുകളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ വേണ്ടത്. നിലവിലുള്ളത് 30 ഇടത്ത്. 3 ലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. വ്യാപക വാക്സിനേഷൻ നടപ്പാക്കാൻ വേണ്ടത് സമഗ്ര പദ്ധതി. നിലവിലെ വന്ധ്യംകരണ സംവിധാനം നിലച്ചിട്ട് ഒന്നര വർഷത്തോളമായി. വന്ധ്യംകരണം നടത്തിവന്ന കുടുംബശ്രീയുടെ അനുമതി നിയമക്കുരുക്കിൽ പെട്ടതോടെയാണ് ഇത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ഇനിയും അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ, വന്ധ്യംകരണം നടത്താൻ തീരുമാനിച്ചാലും ഒന്നിൽനിന്ന് പണി തുടങ്ങണം. അവിടെയാണ് ആളുകൾ മരിക്കുമ്പോഴും, അധികാരമാറ്റത്തിനു വേണ്ടി നിർണായക തീരുമാനങ്ങൾ പിടിച്ചു വെച്ചിരിക്കുന്നതും വകുപ്പുകൾ ഒന്നിച്ച് ഉഴപ്പുന്നതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66449/sarkkar)