---
title: "സ്‌പോർട്‌സ് ഫൗണ്ടേഷൻ കേരളത്തിന്റെ കായിക ഭാവി മാറ്റിയെഴുതും: മന്ത്രി വി അബ്ദുറഹ്മാൻ"
english_title: "Sports Foundation will rewrite the sports future of Kerala: Minister V Abdurrahman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66592/sports-foundation-will-rewrite-the-sports-future-of-kerala-minister-v-abdurrahman"
published_at: "2022-09-06T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63173bcd4ff6b_gov_T_T_I_Stadium_06.09_(2).JPG"
keywords: []
---

# സ്‌പോർട്‌സ് ഫൗണ്ടേഷൻ കേരളത്തിന്റെ കായിക ഭാവി മാറ്റിയെഴുതും: മന്ത്രി വി അബ്ദുറഹ്മാൻ

> **Lead Summary:** **കണ്ണൂർ : **സ്‌പോർട്‌സ് ഫൗണ്ടേഷൻ നിലവിൽ വന്നത് കേരളത്തിന്റെ കായിക ഭാവി മാറ്റിയെഴുതുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിൽ കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ മട്ടന്നൂർ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ധനസഹായത്തോടെ 4.12 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചത്.

## Article Content

**കണ്ണൂർ : **സ്‌പോർട്‌സ് ഫൗണ്ടേഷൻ നിലവിൽ വന്നത് കേരളത്തിന്റെ കായിക ഭാവി മാറ്റിയെഴുതുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിൽ കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ മട്ടന്നൂർ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ധനസഹായത്തോടെ 4.12 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചത്.

സ്‌പോർട്‌സ് ഫൗണ്ടേഷൻ പുതുതായി 130 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് ഏറ്റെടുത്തത്. നിലവിൽ 700 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരണത്തിലാണ്. 300 കോടി രൂപയുടെ പ്രവൃത്തികൾ അവസാന ഘട്ടത്തിലായിക്കഴിഞ്ഞു. ഇവ പൂർത്തിയാവുന്നതോടെ കേരള കായിക രംഗത്തിന്റെ മുഖച്ഛായ മാറും-മന്ത്രി പറഞ്ഞു.

കായിക ക്ഷമതയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. എല്ലാ. പഞ്ചായത്തിലും ഒരോ കളിക്കളം എന്നത് പൂർത്തിയാക്കും. ഇത് വരെ 112 ഗ്രാമ പഞ്ചായത്തുകൾക്ക് കളിക്കളം അനുവദിച്ച് കഴിഞ്ഞു. കായിക മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാവുന്നു. 45000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ കായിക രംഗത്ത് വരുന്നതെന്നും മന്ത്രി പറഞ്ഞു.

കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ മിനി സ്‌റ്റേഡിയത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. കായിക യുവജനകാര്യ മന്ത്രാലയം ഡയറക്ടർ പ്രേംകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി രാജശ്രീ, വാർഡ് മെംബർ പി സി ശ്രീകല, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ, കൂടാളി പഞ്ചായത്ത് സെക്രട്ടറി എം പ്രദീപൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66592/sports-foundation-will-rewrite-the-sports-future-of-kerala-minister-v-abdurrahman)