---
title: "ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം: കേരളത്തില്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു"
english_title: "Today is World Suicide Prevention Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67247/today-is-world-suicide-prevention-day"
published_at: "2022-09-10T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c260430317_doctor.jpg"
keywords: []
---

# ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം: കേരളത്തില്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

> **Lead Summary:** ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. എല്ലാ വര്‍ഷവും ഇതേ ദിവസം ജനങ്ങളെ ബോധവാന്മാരാക്കാന്‍ നിരവധി ക്യാമ്പയ്നുകള്‍ നടത്താറുണ്ടെങ്കിലും ഓരോ ദിവസം കഴിയും തോറും ആത്മഹത്യാ നിരക്ക് വര്‍ദ്ധിച്ച്‌ വരികയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ആത്മഹത്യ ചെയ്തത് 1.64 ലക്ഷം പേര്‍.

## Article Content

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. എല്ലാ വര്‍ഷവും ഇതേ ദിവസം ജനങ്ങളെ ബോധവാന്മാരാക്കാന്‍ നിരവധി ക്യാമ്പയ്നുകള്‍ നടത്താറുണ്ടെങ്കിലും ഓരോ ദിവസം കഴിയും തോറും ആത്മഹത്യാ നിരക്ക് വര്‍ദ്ധിച്ച്‌ വരികയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ആത്മഹത്യ ചെയ്തത് 1.64 ലക്ഷം പേര്‍.

ഇത് 2020-ലെ ഇന്ത്യയിലെ കൊവിഡ് മരണത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. ആത്മഹത്യ ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, മറിച്ച്‌ ഒരു സാമൂഹിക പ്രശ്‌നമാണെന്നും ഒരു മാനസിക സാമൂഹിക സമീപനം ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുകയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. ജീവനൊടുക്കുന്നവരുടെ ലിസ്റ്റ് ഓരോ വര്‍ഷം കൂടുമ്പോഴും നീളുകയാണ്.

കേരളത്തില്‍ യുവാക്കളിലെയും കുട്ടികളിലെയും ആത്മഹത്യാ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്. 2020 ല്‍ കേരളത്തില്‍ 8500 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2021 ല്‍ ഇത് 9549 ആയി ഉയര്‍ന്നു. രാജ്യത്താകെ 1,64,033 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021ല്‍ ഇന്ത്യയിലെ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തില്‍ ആണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ലക്ഷത്തില്‍ 12 പേര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, കൊല്ലം നഗരത്തില്‍ ഇത് 43 പേരാണ്. വിസ്മയയുടെയും മറ്റും ആത്മഹത്യയും ഈ റെക്കോര്‍ഡില്‍ ഉള്‍പ്പെടുന്നു. 11.1 ലക്ഷം പേര്‍ താമസിക്കുന്ന കൊല്ലം നഗരത്തില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചത് 487 ആത്മഹത്യകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 43.9 ആണ് കൊല്ലം നഗരത്തിലെ 2021 ലെ ആത്മഹത്യാ നിരക്ക്. കൂട്ട ആത്മഹത്യകളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. 2018ല്‍‍ 8320 ആയിരുന്നു ആത്മഹത്യാ കേസുകള്‍ എങ്കില്‍‍ 2019ല്‍ ഇത് 8585 ആയി ഉയര്‍ന്നു.

2020ല്‍ 8480 ആയെങ്കിലും 2021 ആയപ്പോള്‍ 9549 ആയി വര്‍ധിക്കുകയായിരുന്നു. അതായത് ഏകദേശം മൂന്ന് ശതമാനത്തിന്റെ വര്‍ധനവ്. 2020നേക്കാള്‍ 2.9 ശതമാനത്തിന്‍റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഉണ്ടായത്. 9549 പേരാണ് 2021ല്‍ മാത്രം കേരളത്തില്‍ ജീവനൊടുക്കിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67247/today-is-world-suicide-prevention-day)