---
title: "ജനക്കൂട്ടം കാത്തുനിന്നു, രാഹുൽ എത്തിയില്ല: വിശ്വാസ്യത ഇല്ലാതാക്കുന്നതെന്ന് ശശി തരൂര്‍"
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67636/rahulgandhi"
published_at: "2022-09-12T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e8743783d2_Screenshot_20220912-063846.png"
keywords: []
---

# ജനക്കൂട്ടം കാത്തുനിന്നു, രാഹുൽ എത്തിയില്ല: വിശ്വാസ്യത ഇല്ലാതാക്കുന്നതെന്ന് ശശി തരൂര്‍

> **Lead Summary:** **തിരുവനന്തപുരം: **നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നത് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് നാണക്കേടായി. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെ ഇ മാമന്‍റെയും ബന്ധുക്കളും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യു ഡി എഫ് കൺവീനർ എം എം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കളും വന്‍ ജനക്കൂട്ടവും കാത്തുനിന്നിട്ടും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്തതാണ് കല്ലുകടിയായത്.

## Article Content

**തിരുവനന്തപുരം: **നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നത് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് നാണക്കേടായി. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെ ഇ മാമന്‍റെയും ബന്ധുക്കളും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യു ഡി എഫ് കൺവീനർ എം എം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കളും വന്‍ ജനക്കൂട്ടവും കാത്തുനിന്നിട്ടും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്തതാണ് കല്ലുകടിയായത്.

സ്ഥലത്തിന് മുന്നിലൂടെ ജാഥയില്‍ നടന്നു പോയിട്ടും രാഹുല്‍ ഗാന്ധി ഉദ്ഘാടനത്തിന് എത്തിയില്ല. ഇതോടെ ഉദ്ഘാടനത്തിനായെത്തിയ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് വലിയ ക്ഷീണമാണുണ്ടായത്.

കെ പി സി സി അധ്യക്ഷൻ കെ സുധാകരനും തിരുവനന്തപുരം എം പി ശശി തരൂരും എല്ലാം അസ്വസ്ഥരാകുന്നതിന്‍റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് ശശി തരൂര്‍, സുധാകരനോട് തുറന്നുപറഞ്ഞത്. ഒടുവിൽ നിംസ് എം ഡിയുടെ കൈ പിടിച്ച് കെ പി സി സി അധ്യക്ഷന്‍ ക്ഷമാപണം നടത്തുന്നതിന്‍റെയടക്കം ദൃശ്യങ്ങൾ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു.

ഈയിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്‍റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67636/rahulgandhi)